സര്‍ക്കാര്‍ ജീവനക്കാരായ ദമ്പതിമാരുടെ വീട്ടില്‍ റെയ്ഡ് ; 80 ലക്ഷവും 48 ആഡംബര വാച്ചുകളും പിടിച്ചെടുത്ത് വിജിലന്‍സ്

അഴിമതി നിരോധന നിയമപ്രകാരവും ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 

പട്‌നയിലെ പ്രത്യേക വിജിലന്‍സ് കോടതി ഉത്തരവോടെ വിജിലന്‍സിന്റെ നാല് സംഘങ്ങളാണ് റെയ്ഡ് നടത്താനെത്തിയത്.

ബിഹാറിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ദമ്പതിമാരുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 80 ലക്ഷം രൂപയും 52.60 ലക്ഷം രൂപ വിലപിടിപ്പുള്ള ആഭരണങ്ങളും ആറു ലക്ഷത്തിലേറെ വില വരുന്ന 48 വാച്ചുകളും വിജിലന്‍സ് പിടിച്ചെടുത്തു. പാട്‌ന അഡീഷണല്‍ മജിസ്‌ട്രേറ്റ് രവീന്ദ്ര കുമാര്‍ ദിവാകര്‍, ഭാര്യ കുമാരി സ്വീറ്റി (സബ് രജിസ്ട്രാര്‍ ധനാപുര്‍) എന്നിവരുടെ പട്‌നയിലേയും ബെഗുസരായിലേയും വസതികളിലായിരുന്നു റെയ്ഡ്. അനധികൃതമായി സൂക്ഷിച്ച പണവും ആഭരണങ്ങളും കണ്ടെത്തിയതിനെ തുടര്‍ന്ന് ഇരുവര്‍ക്കുമെതിരെ അനധികൃത സ്വത്ത് സമ്പാദത്തിന് വിജിലന്‍സ് കേസെടുത്തു. അഴിമതി നിരോധന നിയമപ്രകാരവും ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.


2017 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ഏഴിടങ്ങളില്‍ ഇവര്‍ വീടും സ്ഥലവും വാങ്ങിയെന്നും ഇതില്‍ രണ്ട് ഫ്‌ളാറ്റുകള്‍ ധനപുരിലും മൂന്ന് സ്ഥലങ്ങള്‍ ഫുല്‍വാരിയിലും രണ്ടു വസ്തു ബെസുഗരായിയിലുമാണ് .2.90 കോടിയാണ് ഈ വസ്തുക്കളുടെ മൂല്യമാണ് കണക്കാക്കുന്നതെന്നും വിജിലന്‍സ് സംഘം വെളിപ്പെടുത്തി.


പട്‌നയിലെ പ്രത്യേക വിജിലന്‍സ് കോടതി ഉത്തരവോടെ വിജിലന്‍സിന്റെ നാല് സംഘങ്ങളാണ് റെയ്ഡ് നടത്താനെത്തിയത്. പട്‌നയിലെ ഫ്‌ളാറ്റില്‍ നിന്ന് മാത്രം 70.53 ലക്ഷം രൂപയും ബെഗുസരായിയിലെ വീട്ടില്‍ നിന്നും 9.44 ലക്ഷം രൂപയും കണ്ടെത്തി. 23.89 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം വെള്ളി ആഭരണങ്ങളും 28.70 ലക്ഷം വിലമതിക്കുന്ന വജ്രാഭരണങ്ങളും രണ്ടിടങ്ങളില്‍ നിന്നുമായി കണ്ടെടുത്തു. ഇതിന് പുറമേയാണ് 48 ആഡംബര വാച്ചുകള്‍ കണ്ടെത്തിയത്. ഇരുവരുടേയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനുള്ള നടപടി ആരംഭിച്ചതായി വിജിലന്‍സ് അറിയിച്ചു.