രാഹുൽ ഗാന്ധിക്കും 25 എം.പിമാർക്കും കർണി സേനയുടെ വധഭീഷണി
ന്യൂഡൽഹി: ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും 25 എം.പിമാർക്കും വധഭീഷണിയുമായി കർണി സേന. ഭീഷണി വിഡിയോ കോൺഗ്രസ് പുറത്തുവിട്ടു. ആർ.എസ്.എസ്- ബി.ജെ.പി കൂട്ടായ്മ ഗോഡ്സെ ഫാക്ടറിയാണെന്ന് പാർട്ടി വിശേഷിപ്പിച്ചു. ഭീഷണി മുഴക്കിയ രാജ്സിങ് എന്നയാളെ കോട്ട പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ലോക്സഭ സ്പീക്കറെ 25 പ്രതിപക്ഷ നേതാക്കൾ അധിക്ഷേപിച്ചെന്നും അതിൽ ബി.ജെ.പി പ്രവർത്തകർക്കും കർണിസേനാ പ്രവർത്തകർക്കും അടങ്ങാത്ത രോഷമുണ്ടെന്നുമാണ് വിഡിയോയിൽ ഇയാൾ പറഞ്ഞത്. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ എം.പിമാരുടെ ഓരോരുത്തരുടെയും വസതികളിലെത്തി പ്രതികാരം ചെയ്യുമെന്നാണ് ഭീഷണി. രാഹുൽ ഗാന്ധിയുടെ നിർദേശപ്രകാരമാണ് ഇത്തരം സംഭവങ്ങൾ അരങ്ങേറുന്നതെന്ന് പറഞ്ഞ രാജ് സിങ്, രാഹുൽ ഗാന്ധിയോട് ശ്രദ്ധിച്ചുകേൾക്കാനും, ഇനി ഇത്തരം സംഭവമുണ്ടായാൽ വസതിയിൽ ഇരച്ചുകയറി വെടിവെച്ചുകൊല്ലുമെന്നും ഭീഷണി മുഴക്കി. അവരെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ഓരോരുത്തരെയായി വെടിവെച്ചുകൊല്ലുമെന്നും വിഡിയോയിൽ പറയുന്നു.
രാഹുൽ ഗാന്ധിക്കും മറ്റ് എം.പിമാർക്കും എതിരെയുള്ള ഭീഷണി ഒറ്റപ്പെട്ട കാര്യമല്ലെന്നും കരുതിക്കൂട്ടിയുള്ള പദ്ധതിയുടെ ഭാഗമാണെന്നും കോൺഗ്രസിൻറെ മാധ്യമവിഭാഗം തലവൻ പവൻ ഖേര പറഞ്ഞു.