രണ്ട് കാരണങ്ങൾ കൊണ്ടാണ് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തിയത് : രാഹുൽ ഗാന്ധി

രണ്ട് കാരണങ്ങൾ കൊണ്ടാണ് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ‘ഒന്നാമതായി രാജ്യത്തെ വിദ്യാർഥികൾ തെരുവിലിറങ്ങുമ്പോൾ ഞങ്ങളും തെരുവിലിറങ്ങിയേ തീരൂ. രണ്ടാമതായി വിദ്യാർഥികൾക്കുനേരെ നടത്തിയ അതിക്രമങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന് സ്പീക്കറെ നേരിൽക്കണ്ട് ആവശ്യപ്പെട്ടതാണ്.  

 

 ന്യൂഡൽഹി : രണ്ട് കാരണങ്ങൾ കൊണ്ടാണ് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ‘ഒന്നാമതായി രാജ്യത്തെ വിദ്യാർഥികൾ തെരുവിലിറങ്ങുമ്പോൾ ഞങ്ങളും തെരുവിലിറങ്ങിയേ തീരൂ. രണ്ടാമതായി വിദ്യാർഥികൾക്കുനേരെ നടത്തിയ അതിക്രമങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന് സ്പീക്കറെ നേരിൽക്കണ്ട് ആവശ്യപ്പെട്ടതാണ്. സർക്കാറിനോട് ചോദിക്കട്ടെ എന്ന് സ്പീക്കർ പറഞ്ഞ ശേഷം പിന്നീട് ഒരു ചർച്ചയുമുണ്ടായില്ല. അതുകൊണ്ടാണ് പ്രധാനമന്ത്രിയുടെ വീട്ടുപടിക്കൽ പോയത്’ -രാഹുൽ ഗാന്ധി പറഞ്ഞു.

പരമപ്രധാനമായത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയാണെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. ‘ധർമേന്ദ്ര പ്രധാൻ ഒരു പ്രതീകമാണ്. വിദ്യാർഥികളുടെ വേദനക്കുള്ള മറുപടിയാണ് അദ്ദേഹത്തിന്റെ രാജി. ഇന്ത്യയുടെ ഏറ്റവും വലിയ സ്വത്താണ് ധർമേന്ദ്ര പ്രധാൻ നശിപ്പിച്ചിരിക്കുന്നത്. സർക്കാർ വിദ്യാർഥികളെ കേൾക്കുന്നുവെന്നും അവരുടെ വികാരം ഉൾക്കൊള്ളുന്നുവെന്നുമുള്ള സന്ദേശം രാജിയിലൂടെ കിട്ടും’ -രാഹുൽ പറഞ്ഞു.

മൂന്ന് ആവശ്യങ്ങളാണ് കോൺഗ്രസ് സർക്കാറിന് മുന്നിൽ വെക്കുന്നതെന്നും ആ മൂന്നും വിദ്യാർഥികളുന്നയിക്കുന്ന ആവശ്യങ്ങളാണെന്നും രാഹുൽ പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണം, വിദ്യാർഥികൾക്കുനേരെ വിരലുയർത്തിയ ഓരോ വ്യക്തിയെയും അതിനുത്തരവിട്ടവരെയും നിയമ നടപടിക്ക് വിധേയമാക്കണം. സംവിധാനമൊന്നാകെ ചലിപ്പിക്കുന്ന, ഇതിനെല്ലാം ഉത്തരവാദിയായ മനുഷ്യൻ, സംഭവിച്ചതിന് വിദ്യാർഥികളോട് മാപ്പുപറയാൻ അന്തസ്സ് കാണിക്കണം.

ഒരു വർഷം സർക്കാർ 1.4 ലക്ഷം കോടി രൂപ വിദ്യാഭ്യാസ മേഖലക്ക് ആകെ നീക്കിവെക്കുമ്പോൾ ഓരോ വർഷവും നീറ്റ് പരീക്ഷക്കുവേണ്ടി വിദ്യാർഥികൾക്കായി കുടുംബങ്ങൾ ചെലവിടുന്നത് 1.32 ലക്ഷം കോടിയാണെന്ന് രാഹുൽ പറഞ്ഞു. ശരിക്കും ഇതൊരു കൊള്ളയാണ്. കഴിഞ്ഞ 10 വർഷത്തിനിടയിൽ 152 പരീക്ഷകൾ ചോർന്നത് ഏഴരക്കോടി വിദ്യാർഥികളെയാണ് ബാധിച്ചത്. എന്നിട്ടും ഒരു കുറ്റവാളി പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല.