പ്ലസ് ടു പാസായവർക്ക് റെയിൽവേയിൽ അവസരം; കോച്ച് അറ്റൻഡന്റ് തസ്തികയിൽ യോഗ്യതാ മാനദണ്ഡം പുതുക്കി
റെയിൽവേയിൽ കോച്ച് അറ്റൻഡന്റ് തസ്തികയിലേക്കുള്ള കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയിൽ റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് മാറ്റം വരുത്തി.
റെയിൽവേയിൽ കോച്ച് അറ്റൻഡന്റ് തസ്തികയിലേക്കുള്ള കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയിൽ റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് മാറ്റം വരുത്തി. നേരത്തെ പത്താം ക്ലാസ് ആയിരുന്ന യോഗ്യത ഇപ്പോൾ പ്ലസ് ടുവിലേക്ക് ഉയർത്തിയിരിക്കുകയാണ്. വന്ദേ ഭാരത്, അമൃത് ഭാരത്, നമോ ഭാരത് തുടങ്ങിയ ട്രെയിനുകളിൽ കൂടുതൽ മികച്ച സേവനം ഉറപ്പാക്കുന്നതിന്റ ഭാഗമായാണ് ഈ നടപടി.
പുതിയ യോഗ്യതാ മാനദണ്ഡങ്ങൾ
വിദ്യാഭ്യാസം: പ്ലസ് ടു പാസായിരിക്കണം.
അധിക യോഗ്യത: ഐ.ടി.ഐ സർട്ടിഫിക്കറ്റും ഹൗസ്‌കീപ്പിംഗിൽ മൂന്ന് മാസത്തെ പ്രത്യേക പരിശീലനവും ഉള്ളവർക്ക് മുൻഗണന ലഭിക്കും.
സാങ്കേതിക പരിജ്ഞാനം: യാത്രക്കാരുടെ പരാതികൾ വേഗത്തിൽ പരിഹരിക്കാനും കോച്ചുകളിലെ ലൈറ്റുകൾ, സീറ്റ് ബെൽറ്റുകൾ തുടങ്ങിയവയുടെ ചെറിയ തകരാറുകൾ നേരിട്ട് പരിഹരിക്കാനും കഴിയുന്നവരെയാണ് റെയിൽവേ ലക്ഷ്യമിടുന്നത്.
നിയമന രീതി
കോച്ച് അറ്റൻഡന്റ് തസ്തികയിലേക്കുള്ള റിക്രൂട്ട്‌മെന്റ് റെയിൽവേ നേരിട്ടല്ല നടത്തുന്നത്. അംഗീകൃത സ്വകാര്യ ഏജൻസികൾ വഴിയാണ് നിയമനം നടക്കുക. സേവന നിലവാരത്തെക്കുറിച്ച് യാത്രക്കാരിൽ നിന്ന് നിരന്തരം പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് യോഗ്യത വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്. പുതിയ മാറ്റം വരുന്നതോടെ കൂടുതൽ സാങ്കേതിക പരിജ്ഞാനമുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ മേഖലയിലേക്ക് കടന്നുവരാൻ സാധിക്കും.