പ്രധാനമന്ത്രി ചോദ്യപ്പേപ്പർ ചോർച്ചയ്ക്ക് "നേരിട്ട് മേൽനോട്ടം വഹിച്ചു" : കേന്ദ്രത്തിൻറെ സത്യവാങ്മൂലത്തിൽ പരിഹാസവുമായി രാഹുൽ ഗാന്ധി 

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച കേസിൽ കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ചു പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.

 

 ന്യൂഡൽഹി : നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച കേസിൽ കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ചു പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി ചോദ്യപ്പേപ്പർ ചോർച്ചയ്ക്ക് "നേരിട്ട് മേൽനോട്ടം വഹിച്ചു" എന്നാണ് രാഹുൽ ഗാന്ധിയുടെ വിമർശനം. നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച അന്വേഷണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് മേൽനോട്ടം വഹിക്കുന്നുണ്ടെന്നായിരുന്നു സർക്കാർ അഭിഭാഷകൻ വെള്ള്യാഴ്ച സുപ്രീം കോടതിയെ അറിയിച്ചത്. ഇതിനു പിന്നാലെയാണ് എക്സിൽ രാഹുലിന്റെ വിമർശനം.

നീറ്റ് അന്വേഷണ നടപടികളും എങ്ങനെ നിഗമനങ്ങളിൽ എത്തിച്ചേരുമെന്നും വിശദീകരിക്കുന്ന സത്യവാങ്മൂലം സമർപ്പിക്കാൻ സുപ്രീം കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത നൽകിയ മറുപടിയിലാണ് പ്രധാനമന്ത്രി നേരിട്ട് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നു എന്ന് അറിയിച്ചിരിക്കുന്നത്.

"നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്ക് പ്രധാനമന്ത്രി മോദി നേരിട്ട് മേൽനോട്ടം വഹിച്ചു." രാഹുൽ എഴുതി. നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച വിവാദത്തിലും സി.ബി.എസ്.ഇയുടെ ഓൺ-സ്ക്രീൻ മാർക്കിങ് (ഒ.എസ്.എം) സംവിധാനവുമായി ബന്ധപ്പെട്ട വിവാദത്തിലും രാഹുൽ കേന്ദ്രസർക്കാരിനെ വിമർശിച്ചിരുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനും പ്രധാനമന്ത്രി മോദിയും ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. രാഹുൽ ഗാന്ധിയുടെ പരിഹാസത്തിന് മറുപടിയുമായി ബി.ജെ.പിയും രംഗത്തെത്തി.

കോൺഗ്രസ് എം.പിയുടെ നിലപാട് "അതിശയകരം" ആണെന്നും "ഉത്തരവാദിത്തത്തേക്കാൾ സെൻസേഷണലിസത്തിന്" മുൻഗണന നൽകിയെന്നും ബി.ജെ.പി ആരോപിച്ചു. "നീറ്റ് പേപ്പർ ചോർച്ചക്ക് പ്രധാനമന്ത്രി മോദി നേരിട്ട് മേൽനോട്ടം വഹിച്ചുവെന്ന് പറയുന്നത് അസംബന്ധമായതും അതിരുകടന്നതും യുക്തിരഹിതവുമാണ്. ദേശീയ പ്രാധാന്യമുള്ള കാര്യങ്ങളിൽ ഗൗരവമായി എടുക്കാൻ രാഹുൽ ഗാന്ധി ബുദ്ധിമുട്ടുന്നത് അതുകൊണ്ടാണ്". ബി.ജെ.പി നേതാവ് അമിത് മാളവ്യ എക്സിൽ കുറിച്ചു.

എൻ.ടി.എ നടത്തിയ നീറ്റ്-യുജി പരീക്ഷ റദ്ദാക്കിയതിനെ ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹർജികൾ വെള്ളിയാഴ്ച സുപ്രീം കോടതി പരിഗണിച്ചിരുന്നു. ചോദ്യപ്പേപ്പർ ചോർച്ച ആരോപണത്തെ തുടർന്ന് മെയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷ മേയ് 12ന് എൻ.ടി.എ റദ്ദാക്കിയിരുന്നു. ഇത് കുട്ടികളെയും രക്ഷിതാക്കളെയും കടുത്ത സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്. ജൂൺ 21ന് പുനഃപരീക്ഷ നടത്താനാണു തീരുമാനം. ചോദ്യപ്പേപ്പർ ചോർച്ച ആരോപണം സി.ബി.ഐ അന്വേഷിച്ചുവരികയാണ്.