മോദിയേക്കാള്‍ യോഗ്യതയും മികച്ച ഇംഗ്ലീഷും; വിദ്യാഭ്യാസ യോഗ്യത ചോദിച്ച ബിജെപി നേതാവിനോട് പ്രിയങ്ക് ഖര്‍ഗെ

'എന്താണ് പ്രിയങ്ക് ഖര്‍ഗെയുടെ വിദ്യാഭ്യാസ യോഗ്യത? എന്ത് ബിരുദമാണ് അയാള്‍ക്കുള്ളത്?

 

കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സില്‍ പ്രതിപക്ഷ നേതാവ് ചാലവടി നാരായണസ്വാമിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു കോണ്‍ഗ്രസ് നേതാവ്.

തന്റെ വിദ്യാഭ്യാസ യോഗ്യത ചോദിച്ച ബിജെപി നേതാവിന് മറുപടിയുമായി കര്‍ണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖര്‍ഗെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയേക്കാള്‍ വിദ്യാഭ്യാസ യോഗ്യത തനിക്കുണ്ടെന്നും, അദ്ദേഹത്തേക്കാള്‍ മികച്ച രീതിയില്‍ ഇംഗ്ലീഷ് സംസാരിക്കാന്‍ സാധിക്കുമെന്നുമാണ് പ്രിയങ്ക് ഖര്‍ഗെ പറഞ്ഞത്. കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സില്‍ പ്രതിപക്ഷ നേതാവ് ചാലവടി നാരായണസ്വാമിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു കോണ്‍ഗ്രസ് നേതാവ്.

'എന്താണ് പ്രിയങ്ക് ഖര്‍ഗെയുടെ വിദ്യാഭ്യാസ യോഗ്യത? എന്ത് ബിരുദമാണ് അയാള്‍ക്കുള്ളത്? വിവരാവകാശ നിയമം പോലും അത് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അദ്ദേഹം എത്രത്തോളം മികച്ച പ്രതിഭയാണെന്ന് ആളുകള്‍ അറിയട്ടെ,' എന്നാണ് ചാലവടി നാരായണസ്വാമി പറഞ്ഞത്. എന്നാല്‍ തന്റെ വിദ്യാഭ്യാസ യോഗ്യത എന്താണെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും പ്രധാനമന്ത്രിയേക്കാള്‍ വിദ്യാഭ്യാസ യോഗ്യത തനിക്കുണ്ടെന്നുമായിരുന്നു ഖര്‍ഗെയുടെ മറുപടി.

'എന്റെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് ജനങ്ങള്‍ക്ക് അറിവുള്ളതാണ്. ഞാനൊരു ഗ്രാഫിക് ഡിസൈനറാണെന്ന് ഈ ലോകത്തിന് മുഴുവനും അറിയാം. അതിലെന്താണ് പ്രശ്നം. ഞാന്‍ നരേന്ദ്ര മോദിയേക്കാള്‍ വിദ്യാഭ്യാസ യോഗ്യതയുള്ള ആളാണ്. ഞാന്‍ അദ്ദേഹത്തേക്കാള്‍ മികച്ച ഇംഗ്ലീഷും സംസാരിക്കും,' പ്രിയങ്ക് ഖര്‍ഗെ പറഞ്ഞു.

തനിക്ക് സംസ്‌കൃതം വായിക്കാന്‍ അറിയാമെന്നും ഖര്‍ഗെ പറഞ്ഞു. 'അവര്‍ (ബിജെപി) എന്നെ കോണ്‍വെന്റ് ദളിത് എന്നാണ് വിളിക്കുന്നത്. ഞാന്‍ അദമരു മഠം നടത്തുന്ന സ്‌കൂളിലാണ് പഠിച്ചിട്ടുള്ളത്. അവരുടെ (ബിജെപി നേതാക്കളുടെ) മക്കളാണ് കോണ്‍വെന്റ് സ്‌കൂളുകളില്‍ പഠിച്ചിട്ടുള്ളത്,' അദ്ദേഹം പറഞ്ഞു.