കാണാതായ പഞ്ചാബി ഗായികയുടെ മൃതദേഹം കനാലിൽ കണ്ടെത്തി ; രണ്ടുപേർ പിടിയിൽ
കാണാതായ പഞ്ചാബി ഗായികയുടെ മൃതദേഹം ആറുദിവസത്തിനുശേഷം ലുധിയാനയിലെ കനാലിൽ കണ്ടെത്തി. സംഭവത്തിൽ രണ്ടുപേർ പിടിയിൽ. കൊലയുടെ സൂത്രധാരൻ കാനഡയിലേക്ക് കടന്നു. ജമാൽപൂർ സ്വദേശിയായ ഇന്ദർ കൗർ എന്ന യാഷിന്ദർ കൗറാണ് കൊല്ലപ്പെട്ടത്. ഈ മാസം 13ന് സാധനങ്ങൾ വാങ്ങാൻ കാറിൽ വീട്ടിൽ നിന്ന് ഇറങ്ങിയ ശേഷം കാണാതാവുകയായിരുന്നു.
ലുധിയാന: കാണാതായ പഞ്ചാബി ഗായികയുടെ മൃതദേഹം ആറുദിവസത്തിനുശേഷം ലുധിയാനയിലെ കനാലിൽ കണ്ടെത്തി. സംഭവത്തിൽ രണ്ടുപേർ പിടിയിൽ. കൊലയുടെ സൂത്രധാരൻ കാനഡയിലേക്ക് കടന്നു. ജമാൽപൂർ സ്വദേശിയായ ഇന്ദർ കൗർ എന്ന യാഷിന്ദർ കൗറാണ് കൊല്ലപ്പെട്ടത്. ഈ മാസം 13ന് സാധനങ്ങൾ വാങ്ങാൻ കാറിൽ വീട്ടിൽ നിന്ന് ഇറങ്ങിയ ശേഷം കാണാതാവുകയായിരുന്നു.
സുഖ്വീന്ദർ സിങ്, പിതാവ് പ്രീതം സിങ്, സുഹൃത്ത് കരംജിത് സിങ് എന്നിവർ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയതായി യാഷിന്ദർ കൗറിന്റെ സഹോദരൻ ആരോപിച്ചതായി പൊലീസ് പറഞ്ഞു. വിവാഹിതനും കാനഡയിലെ താമസക്കാരനുമായ സുഖ്വീന്ദർ, യാഷിന്ദർ കൗറിനെ വിവാഹം കഴിക്കാൻ നിർബന്ധിച്ചുവെന്ന് കുടുംബം ആരോപിച്ചിരുന്നു.
സുഖ്വീന്ദർ ഗായികയെ കൊന്നതായും മൃതദേഹവും കാറും കനാലിലേക്ക് വലിച്ചെറിഞ്ഞ് കാനഡയിലേക്ക് പലായനം ചെയ്തതായും പൊലീസ് കണ്ടെത്തി. സുഖ്വീന്ദറിന്റെ പിതാവും സുഹൃത്തുമാണ് അറസ്റ്റിലായത്. സുഖ്വീന്ദർ നേപ്പാൾ വഴി കാനഡയിലേക്ക് മടങ്ങിയതായി പൊലീസ് പറഞ്ഞു.