പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുളള ലിവ് ഇൻ പങ്കാളികളുടെ ഹർജി തളളി പഞ്ചാബ്-ഹരിയാന ഹൈക്കോടതി

പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുളള ലിവ് ഇൻ പങ്കാളികളുടെ ഹർജി തളളി ഹൈക്കോടതി. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടേതാണ് നടപടി. ലിവ് ഇൻ റിലേഷൻഷിപ്പുകൾ പാശ്ചാത്യ സംസ്‌കാരത്തിന്റെ സ്വാധീനത്തിൽ

 

 ഗുരുഗ്രാം: പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുളള ലിവ് ഇൻ പങ്കാളികളുടെ ഹർജി തളളി ഹൈക്കോടതി. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടേതാണ് നടപടി. ലിവ് ഇൻ റിലേഷൻഷിപ്പുകൾ പാശ്ചാത്യ സംസ്‌കാരത്തിന്റെ സ്വാധീനത്തിൽ രാജ്യത്തെ ഒരു വിഭാഗം സ്വീകരിച്ച ആധുനിക ജീവിതശൈലി ആണെന്നും ഇത്തരം കാര്യങ്ങൾ ഇന്ത്യൻ പാരമ്പര്യത്തിന് വിരുദ്ധമാണെന്നുമാണ് ഹൈക്കോടതി നിരീക്ഷിച്ചത്. മാതാപിതാക്കളിൽ നിന്ന് ഒളിച്ചോടുന്ന യുവാക്കൾ അവരുടെ കുടുംബങ്ങൾക്ക് അവമതിപ്പ് ഉണ്ടാക്കുകയാണെന്നും അന്തസോടെ ജീവിക്കാനുളള മാതാപിതാക്കളുടെ അവകാശത്തെ ലംഘിക്കുകയാണെന്നും കോടതി പറഞ്ഞു.

കുറച്ചുദിവസം ഒരുമിച്ച് താമസിച്ചു എന്നതുകൊണ്ട് യഥാർത്ഥ ബന്ധമാണെന്ന് സ്ഥാപിക്കാൻ കഴിയില്ലെന്നും ഹർജി തളളിക്കൊണ്ട് ജസ്റ്റിസ് സന്ദീപ് മൗദ്ഗിൽ പറഞ്ഞു. ഇത്തരം സാഹചര്യങ്ങളിൽ പൊലീസ് സംരക്ഷണം നൽകുന്നത് 'നിയമവിരുദ്ധമായ ബന്ധ'ത്തിന് കോടതി അംഗീകാരം നൽകുന്നതിന് തുല്യമാകുമെന്ന് കോടതി നിരീക്ഷിച്ചു. 'ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ഉറപ്പുനൽകുന്ന ജീവിക്കാനുളള അവകാശവും വ്യക്തിസ്വാതന്ത്രവും എന്ന അവകാശത്തിൽ തന്നെ അന്തസ്സോടെ ജീവിക്കാനുളള അവകാശവും ഉൾപ്പെടുന്നു. മാതാപിതാക്കളുടെ വീടുകളിൽ നിന്ന് ഒളിച്ചോടിയതോടെ കുടുംബത്തിന് ചീത്തപ്പേര് ഉണ്ടാക്കുക മാത്രമല്ല, മാതാപിതാക്കളുടെ അന്തസോടെയും ബഹുമാനത്തോടെയും ജീവിക്കാനുളള അവകാശം ലംഘിക്കുകയും ചെയ്യുന്നു' എന്നാണ് കോടതി നിരീക്ഷിച്ചത്