പൂനെ വ്യവസായിയുടെ കൊലപാതകം ; നിർണ്ണായക ഫോൺ കോൾ വിവരങ്ങൾ പുറത്ത്

 പൂനെ സ്വദേശിയായ പ്രമുഖ വ്യവസായി കേതൻ വിശാൽ അഗർവാളിന്റെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. മഹാരാഷ്ട്രയിലെ കോട്ടയിൽ ട്രെക്കിംഗിനിടെ കേതൻ വീണു മരിച്ച സംഭവം ആസൂത്രിതമായ കൊലപാതകമാണെന്ന് വ്യക്തമായതിന് പിന്നാലെയാണ്, ഇതിനായി നടത്തിയ ക്രൂരമായ ഗൂഢാലോചനയുടെ വിവരങ്ങൾ പൊലീസ് കണ്ടെത്തിയത്.  

 

 പൂനെ സ്വദേശിയായ പ്രമുഖ വ്യവസായി കേതൻ വിശാൽ അഗർവാളിന്റെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. മഹാരാഷ്ട്രയിലെ കോട്ടയിൽ ട്രെക്കിംഗിനിടെ കേതൻ വീണു മരിച്ച സംഭവം ആസൂത്രിതമായ കൊലപാതകമാണെന്ന് വ്യക്തമായതിന് പിന്നാലെയാണ്, ഇതിനായി നടത്തിയ ക്രൂരമായ ഗൂഢാലോചനയുടെ വിവരങ്ങൾ പൊലീസ് കണ്ടെത്തിയത്. കൊലപാതകം നടക്കുന്നതിന് തൊട്ടുമുൻപ് പ്രതിയായ പ്രതിശ്രുത വധു സിയ തന്റെ കാമുകൻ ചേതൻ ചൗധരിയെ ഫോണിൽ വിളിച്ചിരുന്നു. ഈ കോളിലാണ് സഞ്ചാരികളില്ലാത്ത വിജനമായ വ്യൂ പോയിന്റിനെക്കുറിച്ച് ചേതൻ സിയയ്ക്ക് വിവരം നൽകുന്നത്. ഈ നിർദ്ദേശപ്രകാരം കേതനെ അവിടേക്ക് കൂട്ടിക്കൊണ്ടുപോയാണ് പ്രതികൾ കൊലപ്പെടുത്തിയത്. കൂടാതെ കൊല്ലപ്പെട്ട കേതനിൽ നിന്ന് സിയ പലപ്പോഴായി ഒരു കോടി രൂപയോളം തട്ടിയെടുത്ത് കാമുകന് നൽകിയിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ജൂൺ പതിനെട്ടിനാണ് കേതൻ കൊല്ലപ്പെടുന്നത് എങ്കിലും ഇതിന് അഞ്ച് ദിവസം മുൻപ് തന്നെ ഇയാളെ വധിക്കാൻ സിയയും കാമുകനും പദ്ധതിയിട്ടിരുന്നതായി പൊലീസ് വ്യക്തമാക്കുന്നു. എന്നാൽ ആ ആദ്യ ശ്രമം പരാജയപ്പെട്ടതിനെ തുടർന്നാണ് കോട്ടയിലേക്ക് ട്രെക്കിംഗിന് എന്ന വ്യാജേന കൂട്ടിക്കൊണ്ടുപോയി തള്ളിയിട്ടു കൊലപ്പെടുത്തിയത്. പ്രതികളായ സിയയും ചേതനും തമ്മിൽ കഴിഞ്ഞ ആറ് മാസത്തിനിടെ 2,004 തവണ ഫോണിൽ ബന്ധപ്പെടുകയും 238 മണിക്കൂറോളം സംസാരിക്കുകയും ചെയ്തതായും സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

പിടിക്കപ്പെടാതിരിക്കാൻ അതീവ ബുദ്ധിപൂർവ്വമായ നീക്കങ്ങളാണ് പ്രതിയായ ചേതൻ നടത്തിയത്. കൊലപാതകം നടന്ന ജൂൺ 18-ന് രാവിലെ 7 മണി മുതൽ വൈകിട്ട് 5.40 വരെ ഇയാൾ സ്വന്തം ഫോണിലെ ഇന്റർനെറ്റ് പൂർണ്ണമായും ഓഫാക്കി വെച്ചിരുന്നു. സ്വന്തം ലൊക്കേഷൻ പൊലീസ് ട്രാക്ക് ചെയ്യാതിരിക്കാൻ ഫോൺ കടയിൽ തന്നെ വെക്കുകയും, പകരം ഒരു ജീവനക്കാരന്റെ ഫോൺ കൈവശം വെച്ച് അതുമായാണ് ഇയാൾ യാത്ര ചെയ്തതെന്നും പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു. എന്നാൽ ഡിജിറ്റൽ തെളിവുകളുടെയും കോൾ റെക്കോർഡുകളുടെയും അടിസ്ഥാനത്തിൽ പ്രതികളുടെ ഈ തന്ത്രങ്ങളെല്ലാം തകർത്ത് പൊലീസ് കേസിൽ നിർണ്ണായക വിജയം നേടിയിരിക്കുകയാണ്.