എസി ട്രെയിൻ കോച്ചിനുള്ളിൽ കത്തുന്ന എണ്ണവിളക്കും ചന്ദനത്തിരിയും ഉപയോഗിച്ച് പൂജ ; വൈറൽ വീഡിയോക്ക് പിന്നാലെ റെയിൽവേ അന്വേഷണം

എസി ട്രെയിൻ കോച്ചിനുള്ളിൽ കത്തുന്ന എണ്ണവിളക്കും ചന്ദനത്തിരിയും ഉപയോഗിച്ച് പൂജ നടത്തിയ യാത്രക്കാരന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ഇന്ത്യൻ റെയിൽവേ അന്വേഷണം ആരംഭിച്ചു.

 

 ന്യൂഡൽഹി: എസി ട്രെയിൻ കോച്ചിനുള്ളിൽ കത്തുന്ന എണ്ണവിളക്കും ചന്ദനത്തിരിയും ഉപയോഗിച്ച് പൂജ നടത്തിയ യാത്രക്കാരന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ഇന്ത്യൻ റെയിൽവേ അന്വേഷണം ആരംഭിച്ചു. യാത്രക്കാരുടെ സുരക്ഷയെ ഗുരുതരമായി ബാധിക്കുന്ന ഈ സംഭവം റെയിൽവേ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് നടപടികൾ ആരംഭിച്ചത്.

ഒരു മിനിറ്റോളം ദൈർഘ്യമുള്ള വീഡിയോയിൽ, എസി കോച്ചിലെ മുകളിലെ ബർത്തിൽ ഇരുന്ന ഒരു യാത്രക്കാരൻ കത്തിച്ചുവെച്ച വിളക്കും ചന്ദനത്തിരികളും ഉപയോഗിച്ച് പൂജ കർമങ്ങൾ നടത്തുന്നത് കാണുന്നത്. ഇതുകണ്ട് സമീപത്തുണ്ടായിരുന്ന മറ്റ് യാത്രക്കാർ എതിർപ്പ് അറിയിക്കുന്നതും വീഡിയോയിൽ കാണാം.. "ഇത് എല്ലാവരുടെയും ജീവൻ അപകടത്തിലാക്കും", "ദയവായി ഇത് നിർത്തൂ" എന്നിങ്ങനെ യാത്രക്കാർ മുന്നറിയിപ്പ് നൽകുന്നതും വീഡിയോയിൽ കേൾക്കാം.

വീഡിയോ വൈറലായതിന് പിന്നാലെ വിഷയത്തിൽ അന്വേഷണം ആരംഭിച്ചതായി ഇന്ത്യൻ റെയിൽവേ അറിയിച്ചു. ഇന്ത്യൻ എക്സ്പ്രസിനോട് പ്രതികരിച്ച ഒരു മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥൻ, വീഡിയോ ആദ്യം പങ്കുവെച്ച സോഷ്യൽ മീഡിയ അക്കൗണ്ട് കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് പറഞ്ഞു. അത് കണ്ടെത്തിയാൽ വീഡിയോ ചിത്രീകരിച്ച ട്രെയിനും അതിലെ യാത്രക്കാരനെയും തിരിച്ചറിയാൻ കഴിയുമെന്നും തുടർന്ന് നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കാൻ റെയിൽവേ , നിരോധിതമോ കുറ്റകരമോ ആയ വസ്തുക്കൾ ട്രെയിനിൽ കൊണ്ടുപോകുകയോ ഉപയോഗിക്കുകയോ ചെയ്യുന്നതിന് പിഴ അടുത്തിടെ വർധിപ്പിച്ചിരുന്നു. കുറഞ്ഞത് ₹10,000 പിഴ നിർബന്ധമാക്കിയിട്ടുണ്ട്. കൂടാതെ റെയിൽവേക്ക് ഉണ്ടായ നാശനഷ്ടങ്ങൾക്ക് ഉത്തരവാദിത്തവും കുറ്റക്കാരന് തന്നെ ആയിരിക്കും. പിഴ അടക്കാൻ വിസമ്മതിച്ചാൽ ഒരു വർഷം വരെ തടവോ, കുറഞ്ഞത് ₹10,000 പിഴയോ, അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം.

റെയിൽവേ പുറത്തിറക്കിയ സുരക്ഷാ മാർഗനിർദേശങ്ങൾ പ്രകാരം ഗ്യാസ് സിലിണ്ടർ, സ്റ്റൗവ്, മണ്ണെണ്ണ, പെട്രോൾ, പടക്കങ്ങൾ, മറ്റ് ജ്വലനശേഷിയുള്ള രാസവസ്തുക്കൾ, കത്തുന്ന തീപ്പെട്ടി, നിയന്ത്രണമില്ലാതെ ഉപയോഗിക്കുന്ന സിഗരറ്റ് തുടങ്ങിയവ യാത്രാ കോച്ചുകളിൽ കൊണ്ടുപോകുന്നത് നിരോധിച്ചിട്ടുണ്ട്.