വിജയ് നടത്താനിരുന്ന റോഡ്ഷോയ്ക്ക് പുതുച്ചേരി ഗവൺമെന്റ് അനുമതി നൽകിയില്ല

 

പുതുച്ചേരി: തമിഴക വെട്രികഴകം ​നേതാവ് വിജയ് നടത്താനിരുന്ന റോഡ്ഷോയ്ക്ക് പുതുച്ചേരി ഗവൺമെന്റ് അനുമതി നൽകിയില്ല. പരിപാടിക്ക് രണ്ടു ദിവസം മാ​ത്രം അവശേഷിക്കെയാണ് വിജയ്ക്ക് തിരിച്ചടിയുണ്ടായത്. കരൂർ സംഭവത്തി​ന്റെ പശ്ചാത്തലത്തിൽ വൻ ജനാവലി പ​ങ്കെടുക്കാൻ സാധ്യതയുണ്ടെന്നും ഇത് സുരക്ഷക്ക് ഭീഷണിയാണെന്നും കാട്ടിയാണ് പുതുച്ചേരി ഭരണകൂടം പരിപാടിക്ക് അനുമതി നിഷേധിച്ചത്.

കരൂർ സംഭവത്തിനുശേഷം ത​ന്റെ പാർട്ടി പരിപാടികൾ ഇൻഡോർ സ്റ്റേഡിയത്തിലോ അ​ല്ലെങ്കിൽ കൃത്യമായി നിയന്ത്രിച്ച മൈതാനത്തോ മാത്രമേ നടത്തൂ എന്ന് വിജയ് നിലപാടെടുത്തിരുന്നു. 23ന് തുടർന്നു നടന്ന പരിപാടി കാഞ്ചീപുരത്ത് പ്രൈവറ്റ് കോളജിലായിരുന്നു നടന്നത്.

നവംബർ 26 നാണ് വിജയ് പുതുച്ചേരി ഡി.ജി.പിക്ക് ഔദ്യോഗികമായി കത്ത് നൽകുന്നത്. ഡിസംബർ 5 ന് ​റോഡ്ഷോ നടത്താനായിരുന്നു അനുമതി ചോദിച്ചത്. എന്നാൽ മറുപടിയൊന്നും ലഭിച്ചില്ല. തുടർന്ന് പാർട്ടി ജനറൽ സെക്രട്ടറി ആനന്ദ് ഡി.ജി.പിയെ നേരിൽ കണ്ടു. എന്നാൽ ഡി.ജി.പി അനുമതി നിഷേധിക്കുകയായിരുന്നു. എന്നാൽ ഒരു ഗ്രൗണ്ടിലോ സ്റ്റേഡിയത്തിലോ പൊതുപരിപാടി നടത്താൻ അനുമതിയുണ്ട്. അതിനാൽ പരിപാടി അങ്ങനെ മാറ്റാനാണ് സാധ്യത.

കരൂർ ദുരന്തമുണ്ടാകുന്നതിന് മുമ്പ് അഭൂതപൂർവമായ ജനാവലിയെ സ്വാധീനിച്ച വിജയി​ന്റെ പാർട്ടിയോട് മിക്ക രാഷ്ട്രീയ പാർട്ടികൾക്കും താൽപര്യക്കുറവുണ്ടായിരുന്നു. കരൂർ സംഭവത്തിന് മുമ്പ് മുന്ന് ജില്ലകളിലെ പരിപാടികൾ തീർത്തിരുന്നു. ​ദുരന്തത്തെത്തുടർന്ന് പാർട്ടിക്കെതിരെ കേസെടുക്കുകയും പാർട്ടിയാണ് ദുരന്തത്തിലുണ്ടായ മരണത്തിന് ഉത്തരവാദികളെന്ന് ഹൈക്കോടതി നിലപാടെടുക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത് സുപ്രീംകോടതിയിൽ പാർട്ടി ചോദ്യം ചെയ്തതിനെത്തുടർന്ന് കോടതി നിലപാട് തിരുത്തിയിരുന്നു.