വിദ്യാര്‍ത്ഥി പ്രതിഷേധം തുടരുന്നതിനിടെ ജാര്‍ഖണ്ഡ് നിയമസഭാ പരിസരത്ത് നിരോധനാജ്ഞ

ജാര്‍ഖണ്ഡ് പബ്ലിക് സര്‍വീസ് കമ്മിഷന്‍, ജാര്‍ഖണ്ഡ് സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ പരീക്ഷാ ക്രമക്കേടുകള്‍ ആരോപിച്ചാണ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

 

നിയമസഭ സമ്മേളനം ആരംഭിക്കുന്ന ഇന്ന് രാവിലെ എട്ട് മണി മുതല്‍ ഓഗസ്റ്റ് 12 രാത്രി 10 മണി വരെയാണ് നിയന്ത്രണം.

വിദ്യാര്‍ത്ഥി പ്രതിഷേധം തുടരുന്നതിനിടെ ജാര്‍ഖണ്ഡ് നിയമസഭാ പരിസരത്ത് നിരോധനാജ്ഞ. വിദ്യാര്‍ത്ഥികള്‍ നിയമസഭ ഉപരോധനം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി. നിയമസഭയുടെ 750 മീറ്റര്‍ ചുറ്റളവിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിയമസഭ സമ്മേളനം ആരംഭിക്കുന്ന ഇന്ന് രാവിലെ എട്ട് മണി മുതല്‍ ഓഗസ്റ്റ് 12 രാത്രി 10 മണി വരെയാണ് നിയന്ത്രണം. ജാര്‍ഖണ്ഡ് പബ്ലിക് സര്‍വീസ് കമ്മിഷന്‍, ജാര്‍ഖണ്ഡ് സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ പരീക്ഷാ ക്രമക്കേടുകള്‍ ആരോപിച്ചാണ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം


അഞ്ചോ അതിലധികമോ ആളുകള്‍ കൂട്ടംകൂടുന്നതിനും പ്രകടനങ്ങള്‍ക്കും റാലികള്‍ക്കും പൂര്‍ണ്ണ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ആയുധങ്ങള്‍ കൈവശം വയ്ക്കുന്നതിനും ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതിനും നിയന്ത്രണമുണ്ട്. കഴിഞ്ഞ ഏഴ് വര്‍ഷത്തെ പരീക്ഷാ ക്രമക്കേടുകള്‍ സിബിഐയും ഇഡിയും അന്വേഷിക്കണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ നിയമസഭാ മന്ദിരം ഉപരോധിക്കുമെന്നായിരുന്നു വിദ്യാര്‍ഥികളുടെ മുന്നറിയിപ്പ്.

ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ രാജിവയ്ക്കണമെന്ന ആവശ്യവും ശക്തമാണ് . വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി കോക്രോച്ച് ജനതാ പാര്‍ട്ടിയും രംഗത്തുവന്നിരുന്നു.