തെരുവുകളിൽ പ്രാർത്ഥനയ്ക്കും നിസ്‌കാരത്തിനും നിരോധനം ഏർപ്പെടുത്തും ; ശക്തമായ നടപടിയുമായി ബംഗാൾ സർക്കാർ
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ഒന്നൊന്നായി നടപ്പാക്കാൻ സുവേന്ദു അധികാരി നയിക്കുന്ന ബിജെപി സർക്കാർ. തെരുവുകളിൽ പ്രാർത്ഥനയ്ക്കും നിസ്‌കാരത്തിനും നിരോധനം ഏർപ്പെടുത്തുമെന്ന് ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ ബിജെപി എഐൽഎ അർജുൻ സിങ് ആവർത്തിച്ചു. സംസ്ഥാനത്ത് വീണ്ടും ഇത് രാഷ്ട്രീയ വിവാദത്തിന് കാരണമാകുമെന്നാണ് വിലയിരുത്തൽ.
സർക്കാർ അധികാരമേറ്റതിന് പിന്നാലെ ക്രമസമാധാനം, അനധികൃത പ്രവർത്തനങ്ങൾ, റോഡുകളിലെ മതപരമായ ഒത്തുചേരൽ എന്നിവയ്‌ക്കെതിരെ കർശന നിർദേശങ്ങളാണ് നൽകിയിരിക്കുന്നതെന്ന് അർജുൻ സിങ് വ്യക്തമാക്കി. മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി നിരവധി നിർദേശങ്ങൾ നൽകിയിട്ടുണ്ട്.
"തെരുവുകളിൽ നിസ്‌കാരം പാടില്ല. അവർ പള്ളികളിൽ പ്രാർത്ഥിക്കട്ടേ, തെരുവുകളിൽ വേണ്ട. അത് അനുവദനീയമല്ല"- എന്നാണ് അർജുൻ സിങ്ങിന്റെ വാക്കുകൾ. കൊൽക്കത്തയിലെ പൊതു പ്രാർത്ഥനകളെ പരാമർശിച്ച് കൊണ്ട് അത്തരം ഒത്തുചേരലുകൾ ഇനി അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.