പ്രിയങ്ക ഗാന്ധിയുടെ മകൻ റെയ്ഹാൻ വാദ്രയുടെ വിവാഹ നിശ്ചയം കഴിഞ്ഞു

മുതിർന്ന കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെയും വ്യവസായി റോബർട്ട് വാദ്രയുടെയും മകൻ റെയ്ഹാൻ വാദ്രയും അവീവ ബെയ്ഗും തമ്മിലുള്ള വിവാഹ നിശ്ചയ ചടങ്ങുകള്‍ രാജസ്ഥാനിലെ രന്തംബോറില്‍ വെച്ച്‌ നടന്നു

 

റെയ്ഹാനും അവീവയും കഴിഞ്ഞ ഏഴ് വർഷമായി പ്രണയത്തിലായിരുന്നു

ന്യൂഡൽഹി: മുതിർന്ന കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെയും വ്യവസായി റോബർട്ട് വാദ്രയുടെയും മകൻ റെയ്ഹാൻ വാദ്രയും അവീവ ബെയ്ഗും തമ്മിലുള്ള വിവാഹ നിശ്ചയ ചടങ്ങുകള്‍ രാജസ്ഥാനിലെ രന്തംബോറില്‍ വെച്ച്‌ നടന്നു.അടുത്ത കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങായിരുന്നു ഇത്. ഡിസംബർ 29-നായിരുന്നു വിവാഹ നിശ്ചയമെന്ന് റെയ്ഹാൻ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു.

 റെയ്ഹാനും അവീവയും കഴിഞ്ഞ ഏഴ് വർഷമായി പ്രണയത്തിലായിരുന്നു. ഇരുകുടുംബങ്ങളുടെയും സാന്നിധ്യത്തില്‍ കഴിഞ്ഞ ആഴ്ചയാണ് റെയ്ഹാൻ അവീവയോട് വിവാഹാഭ്യർഥന നടത്തിയത്.

ഡല്‍ഹി സ്വദേശിയായ അവീവ ബെയ്ഗ് ബിസിനസുകാരനായ ഇമ്രാൻ ബെയ്ഗിന്റെയും ഇന്റീരിയർ ഡിസൈനറായ നന്ദിത ബെയ്ഗിന്റെയും മകളാണ്. അവീവയുടെ അമ്മ നന്ദിതയ്ക്ക് പ്രിയങ്ക ഗാന്ധിയുമായി ദീർഘകാലത്തെ സൗഹൃദമുണ്ട്.

ഡല്‍ഹിയിലെ മോഡണ്‍ സ്‌കൂളില്‍ സ്കൂള്‍ വിദ്യാഭ്യാസം പൂർത്തിയാക്കിയ അവീവ പിന്നീട് ജേണലിസത്തില്‍ ഉന്നത ബിരുദം നേടി. നിലവില്‍ ഫൊട്ടോഗ്രാഫർ, ഇന്റീരിയർ ഡിസൈനർ, പ്രൊഡ്യൂസർ എന്നീ മേഖലകളില്‍ പ്രവർത്തിച്ചു വരികയാണ്. ലണ്ടനിലെ സ്കൂള്‍ ഓഫ് ഓറിയന്റല്‍ ആൻഡ് ആഫ്രിക്കൻ സ്റ്റഡീസില്‍ നിന്നാണ് റെയ്ഹാൻ ഉന്നത വിദ്യാഭ്യാസം നേടിയത്. നിലവില്‍ വിഷ്വല്‍ ആർട്ടിസ്റ്റായി പ്രവർത്തിക്കുകയാണ് അദ്ദേഹം. പ്രിയങ്ക ഗാന്ധിയുടെയും റോബർട്ട് വാദ്രയുടെയും മൂത്ത മകനാണ് റെയ്ഹാൻ. മിരായ വാദ്രയാണ് സഹോദരി.