ഇസ്രായേല്‍ നടത്തുന്നത് വംശഹത്യയെന്ന് പ്രിയങ്ക ഗാന്ധി ; നാണംകെട്ട വഞ്ചനയെന്ന് വിമര്‍ശിച്ച് ഇസ്രയേല്‍ അംബാസഡര്‍ റൂവെന്‍ അസാര്‍

കഴിഞ്ഞ 50 വര്‍ഷത്തിനിടെ ഗാസയിലെ ജനസംഖ്യ 450 ശതമാനം വര്‍ധിച്ചു. അവിടെ വംശഹത്യയില്ല. ഹമാസിന്റെ കണക്ക് വിശ്വസിക്കരുത് എന്നാണ് റൂവെന്‍ അസാര്‍ കുറിച്ചത്.

 

പലസ്തീന്‍ ജനതയ്ക്കുമേല്‍ ഇസ്രായേല്‍ ഈ വിനാശം അഴിച്ചുവിടുമ്പോള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ മൗനം പാലിക്കുന്നത് ലജ്ജാകരമാണെന്നും പ്രിയങ്ക പ്രതികരിച്ചിരുന്നു.

ഗാസയിലെ ഇസ്രായേല്‍ ആക്രമണത്തെ അപലപിച്ച കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ വിമര്‍ശിച്ച് ഇസ്രായേല്‍ അംബാസഡര്‍ റൂവെന്‍ അസാര്‍. ഇസ്രായേല്‍ നടത്തുന്നത് വംശഹത്യയാണെന്ന് പ്രിയങ്ക എക്സില്‍ കുറിച്ചിരുന്നു. ഇതിന് മറുപടിയായിട്ടായിരുന്നു ഇസ്രയേല്‍ അംബാസഡറുടെ പ്രതികരണം. 60000ത്തിലധികം പേര്‍ കൊല്ലപ്പെട്ടു അതില്‍ 18,430 പേര്‍ കുട്ടികളും സ്ത്രീകളുമടങ്ങുന്നവരാണ്. കുട്ടികളെ പട്ടിണിക്കിട്ട് കൊല്ലുകയാണ്. നിശബ്ദതയിലൂടെയും നിഷ്‌ക്രിയത്വത്തിലൂടെയും ഈ കുറ്റകൃത്യങ്ങള്‍ക്ക് വഴിയൊരുക്കുന്നത് തന്നെ ഒരു കുറ്റകൃത്യമാണെന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം.

പലസ്തീന്‍ ജനതയ്ക്കുമേല്‍ ഇസ്രായേല്‍ ഈ വിനാശം അഴിച്ചുവിടുമ്പോള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ മൗനം പാലിക്കുന്നത് ലജ്ജാകരമാണെന്നും പ്രിയങ്ക പ്രതികരിച്ചിരുന്നു. ഗാസയില്‍ അഞ്ച് അല്‍ ജസീറ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു പ്രിയങ്കയുടെ പ്രതികരണം. അവരുടെ കൊലപാതകം നിഷ്ഠൂരമാണെന്നും പ്രിയങ്ക വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെ പ്രിയങ്കയുടെ പ്രതികരണം പങ്കുവെച്ച് മറുപടിയുമായി റൂവെന്‍ അസാര്‍ രംഗത്ത് വന്നത്. എന്ത് ലജ്ജാകരമാണ് നിങ്ങളുടെ വഞ്ചന. ഇസ്രായേല്‍ 25000 ഹമാസ് ഭീകരരെ വധിച്ചു. സാധാരണക്കാര്‍ക്ക് പിന്നില്‍ ഒളിക്കുക. ഒഴിഞ്ഞുപോകാനോ സഹായം സ്വീകരിക്കാനോ ശ്രമിക്കുന്ന ആളുകളെ വെടിവെക്കുക, റോക്കറ്റ് ആക്രമണം നടത്തുക തുടങ്ങിയ ഹമാസിന്റെ ഹീനമായ തന്ത്രങ്ങളാണ് ഈ ഭയാനകമായ ആള്‍നാശത്തിന് കാരണം. ഇസ്രായേല്‍ 20 ലക്ഷം ടണ്‍ ഭക്ഷണം ഗാസയിലേക്ക് എത്തിക്കാന്‍ സൗകര്യമൊരുക്കിയപ്പോള്‍ ഹമാസ് അത് പിടിച്ചെടുക്കുകയും അവരെ അടിച്ചമര്‍ത്തുകയും പട്ടിണി സൃഷ്ടിക്കുകയുമാണുണ്ടായത്. കഴിഞ്ഞ 50 വര്‍ഷത്തിനിടെ ഗാസയിലെ ജനസംഖ്യ 450 ശതമാനം വര്‍ധിച്ചു. അവിടെ വംശഹത്യയില്ല. ഹമാസിന്റെ കണക്ക് വിശ്വസിക്കരുത് എന്നാണ് റൂവെന്‍ അസാര്‍ കുറിച്ചത്.