പാവപ്പെട്ട കുട്ടികളെ സ്വകാര്യ സ്‌കൂളിൽ പ്രവേശിപ്പിക്കാൻ ചട്ടമുണ്ടാക്കണം- നിർദേശവുമായി  സുപ്രീംകോടതി

വിദ്യാഭ്യാസ അവകാശ നിയമപ്രകാരം പാവപ്പെട്ട കുട്ടികൾക്ക് സ്വകാര്യ സ്കൂളുകളിലും 25 ശതമാനം സീറ്റ്‌ നൽകുന്നതിനുള്ള ചട്ടങ്ങൾ തയ്യാറാക്കണമെന്ന് സുപ്രീംകോടതി നിർദേശം. സാമ്പത്തികമായും സാമൂഹികമായും പിന്നാക്കമുള്ള കുട്ടികൾക്ക് സ്കൂൾ പ്രവേശനം നൽകുന്നത് സർക്കാർ, തദ്ദേശ അധികൃതരുടെ ഉത്തരവാദിത്വമാണെന്നും കോടതി പറഞ്ഞു.
 

ന്യൂഡൽഹി: വിദ്യാഭ്യാസ അവകാശ നിയമപ്രകാരം പാവപ്പെട്ട കുട്ടികൾക്ക് സ്വകാര്യ സ്കൂളുകളിലും 25 ശതമാനം സീറ്റ്‌ നൽകുന്നതിനുള്ള ചട്ടങ്ങൾ തയ്യാറാക്കണമെന്ന് സുപ്രീംകോടതി നിർദേശം. സാമ്പത്തികമായും സാമൂഹികമായും പിന്നാക്കമുള്ള കുട്ടികൾക്ക് സ്കൂൾ പ്രവേശനം നൽകുന്നത് സർക്കാർ, തദ്ദേശ അധികൃതരുടെ ഉത്തരവാദിത്വമാണെന്നും കോടതി പറഞ്ഞു. ആർടിഇ പ്രകാരം പാവപ്പെട്ട കുട്ടികൾ സ്വകാര്യ സ്കൂളുകളിൽ പ്രവേശനം ലഭിക്കാൻ നേരിടുന്ന പ്രയാസങ്ങൾ സംബന്ധിച്ച വിഷയമാണ് സുപ്രീംകോടതി പരിഗണിച്ചത്.

ന്യനപക്ഷയിതര, സ്വകാര്യ അൺ എയ്ഡഡ് സ്കൂളുകളിൽ 25 ശതമാനം സീറ്റുകൾ ആർടിഇ പ്രകാരം പാവപ്പെട്ട കുട്ടികൾക്ക് നൽകണം. തന്റെ കുട്ടികളെ തൊട്ടടുത്തുള്ള സ്വകാര്യ സ്കൂളിൽ സീറ്റുണ്ടായിട്ടും പ്രവേശിപ്പിച്ചില്ലെന്നുകാട്ടി മഹാരാഷ്ട്ര സ്വദേശി നൽകിയ ഹർജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. സ്കൂൾ പ്രവേശനത്തിനു വേണ്ടിയുള്ള ഓൺലൈൻ നടപടിക്രമങ്ങൾ പാലിച്ചില്ലെന്നുകാട്ടി ഇയാളുടെ അപേക്ഷ ഹൈക്കോടതി തള്ളി. ഇതിനെതിരായ അപ്പീലാണ് സുപ്രീംകോടതിയിലെത്തിയത്.

കേസിൽ ദേശീയ ബാലാവകാശ കമ്മിഷനെയും കക്ഷിചേർത്തുകൊണ്ട് പാവപ്പെട്ട കുട്ടികൾക്ക് പ്രവേശനം ഉറപ്പാക്കാൻ വിവിധ നിർദേശങ്ങളും സുപ്രീംകോടതി നൽകി.