ജയിലിനുള്ളില്‍ വെച്ച് ജീവപര്യന്തം തടവുകാര്‍ വിവാഹിതരായി
വിവാഹം കഴിക്കാന്‍ തീരുമാനിച്ച ഇരുവരും അനുമതിക്കായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ക്യാമ്പിലെ കാര്‍ഷിക ജോലികള്‍ക്കിടയിലെ നിരന്തരമായ ഇടപെടലുകളാണ് ഇവരെ അടുപ്പത്തിലാക്കിയത്.
ജയിലിനുള്ളില്‍ വെച്ച് ജീവപര്യന്തം തടവുകാര്‍ വിവാഹിതരായി. ജോധ്പൂരിലെ മാന്‍ഡോര്‍ തുറന്ന ജയിലില്‍ വെച്ചായിരുന്നു വിവാഹച്ചടങ്ങ് നടന്നത്. ജയില്‍ അധികൃതരുടെയും പോലീസിന്റെയും ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ പ്രണയത്തിലായിരുന്ന തടവുകാര്‍ മാല ചാര്‍ത്തി .ജയില്‍ ശിക്ഷ അനുഭവിക്കുന്നു എന്നതുകൊണ്ട് മാത്രം രണ്ട് മുതിര്‍ന്ന വ്യക്തികളുടെ വിവാഹം കഴിക്കാനുള്ള അവകാശത്തെ ഇല്ലാതാക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് പി.എസ്. ഭാട്ടി, ജസ്റ്റിസ് പ്രവീര്‍ ഭട്‌നാഗര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിടുകയായിരുന്നു. തടവുകാരുടെ പുനരധിവാസത്തിനും അവരെ സമൂഹത്തിന്റെ പ്രധാന ധാരയിലേക്ക് തിരികെ കൊണ്ടുവരുന്നതിനും ഇത്തരം തീരുമാനങ്ങള്‍ സഹായിക്കുമെന്നും കോടതി നിരീക്ഷിച്ചു.
നാഗോര്‍ സ്വദേശിയായ മൂലാറാം ഭാട്ടി (33), മുംബൈ സ്വദേശിനിയായ സീമ ഘാഡ്‌സെ (31) എന്നിവരാണ് വിവാഹിതരായത്. അയല്‍ക്കാരനെ കൊലപ്പെടുത്തിയ കേസില്‍ 2017 മുതലാണ് മൂലാറാം ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നത്. സീമ സ്വന്തം ഭര്‍ത്താവിനെ വധിച്ച കേസില്‍ ശിക്ഷ അനുഭവിക്കുന്നയാളാണ്. നല്ലനടപ്പ് കണക്കിലെടുത്ത് രണ്ട് വര്‍ഷം മുന്‍പാണ് മൂലാറാമിനെ അജ്മീര്‍ ജയിലില്‍ നിന്ന് മാന്‍ഡോര്‍ ഓപ്പണ്‍ എയര്‍ ക്യാമ്പിലേക്ക് മാറ്റിയത്. ഒന്നര വര്‍ഷം മുന്‍പ് സീമയെയും വനിതാ ജയിലില്‍ നിന്ന് ഇവിടേക്ക് മാറ്റി.
ക്യാമ്പിലെ കാര്‍ഷിക ജോലികള്‍ക്കിടയിലെ നിരന്തരമായ ഇടപെടലുകളാണ് ഇവരെ അടുപ്പത്തിലാക്കിയത്. തുടര്‍ന്ന് വിവാഹം കഴിക്കാന്‍ തീരുമാനിച്ച ഇരുവരും അനുമതിക്കായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.