പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബറിൽ കാനഡ സന്ദർശിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബർ 11, 12 തീയതികളിൽ കാനഡ സന്ദർശിക്കുമെന്ന് ഒട്ടാവയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചു. കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി മോദി നടത്തിയ ടെലിഫോൺ സംഭാഷണത്തിന് പിന്നാലെയാണ് സന്ദർശന തീയതി പ്രഖ്യാപിച്ചത്. കാനഡയുമായുള്ള തന്ത്രപ്രധാന പങ്കാളിത്തം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം സംഭാഷണത്തിൽ ഇരുനേതാക്കളും അടിവരയിട്ടു.

 

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബർ 11, 12 തീയതികളിൽ കാനഡ സന്ദർശിക്കുമെന്ന് ഒട്ടാവയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചു. കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി മോദി നടത്തിയ ടെലിഫോൺ സംഭാഷണത്തിന് പിന്നാലെയാണ് സന്ദർശന തീയതി പ്രഖ്യാപിച്ചത്. കാനഡയുമായുള്ള തന്ത്രപ്രധാന പങ്കാളിത്തം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം സംഭാഷണത്തിൽ ഇരുനേതാക്കളും അടിവരയിട്ടു.

സന്ദർശനത്തിനിടെ പ്രധാനമന്ത്രി ഒട്ടാവയിൽ വച്ച് മാർക്ക് കാർണിയുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുകയും കനേഡിയൻ വ്യവസായ പ്രതിനിധികളുമായി ആശയവിനിമയം നടത്തുകയും ചെയ്യും. തുടർന്ന് ടൊറന്റോയിൽ സംഘടിപ്പിക്കുന്ന ഇന്ത്യൻ പ്രവാസി സംഗമത്തിലും അദ്ദേഹം പങ്കെടുക്കും. മോദിയുടെ ഈ കാനഡ സന്ദർശനത്തിനിടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ (CEPA) അന്തിമ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കാനഡ സന്ദർശനത്തിന് ശേഷം ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി അമേരിക്കയിലെ മിയാമിയിലേക്ക് തിരിക്കും. 2015-ൽ സ്റ്റീഫൻ ഹാർപ്പർ പ്രധാനമന്ത്രിയായിരുന്ന കാലത്താണ് മോദി അവസാനമായി കാനഡയിൽ ഉഭയകക്ഷി സന്ദർശനം നടത്തിയത്. അതിനുശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള അദ്ദേഹത്തിന്റെ ആദ്യ ഉഭയകക്ഷി സന്ദർശനമായിരിക്കും ഇത്.