ഫെബ്രുവരി മുതൽ സിഗരറ്റിനും ബീഡിക്കും പാൻമസാലക്കും വില കൂടും 

പുകയില ഉൽപ്പന്നങ്ങൾക്ക് അധിക എക്സൈസ് തീരുവയും പാൻ മസാലക്ക് പുതിയ സെസും ചുമത്തിയത് ഫെബ്രുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്രസർക്കാർ. ഇതു സംബന്ധിച്ച്

 

 ന്യൂഡൽഹി: പുകയില ഉൽപ്പന്നങ്ങൾക്ക് അധിക എക്സൈസ് തീരുവയും പാൻ മസാലക്ക് പുതിയ സെസും ചുമത്തിയത് ഫെബ്രുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്രസർക്കാർ. ഇതു സംബന്ധിച്ച് സർക്കാർ വിജ്ഞാപനം പുറത്തിറങ്ങി. സിഗരറ്റ്, പാൻ മസാല എന്നിവയുടെ പുതിയ ലെവികൾ ജി.എസ്.ടി നിരക്കിനും മുകളിലായിരിക്കും. നിലവിൽ ചുമത്തുന്ന നഷ്ടപരിഹാര സെസിന് പകരമായിരിക്കും ഇത്. ഇവയെ 'പാപ വസ്തുക്കളായാണ്​'' കണക്കാക്കുന്നത്.

ഫെബ്രുവരി ഒന്നുമുതൽ പാൻ മസാല, സിഗരറ്റ്, പുകയില തുടങ്ങിയ ഉൽപ്പന്നങ്ങൾക്ക് 40 ശതമാനവും ബീഡിക്ക് 18 ശതമാനവും ജി.എസ്.ടി ഈടാക്കുമെന്നാണ് സർക്കാർ വിജ്ഞാപനത്തിൽ പറയുന്നത്. അതിനു പുറമെ പാൻ മസാലക്ക് ആരോഗ്യ, ദേശീയ സുരക്ഷ സെസും ചുമത്തും. അതോടൊ​പ്പം പുകയിലക്കും അനുബന്ധ ഉൽപ്പന്നങ്ങൾക്കും അധിക എക്സൈ് തീരുവയുമുണ്ടാകും.

ച്യൂയിംഗ് ടുബാക്കോ, ജാർദ സുഗന്ധമുള്ള പുകയില, ഗുട്ക പാക്കിങ് മെഷീനുകൾ എന്നിവക്കും അധിക നികുതിയുണ്ട്. പാൻ മസാല നിർമാണത്തിന് പുതിയ ആരോഗ്യ, ദേശീയ സുരക്ഷാ സെസും പുകയിലയുടെ എക്സൈസ് തീരുവയും ചുമത്താൻ അനുവദിക്കുന്ന രണ്ട് ബില്ലുകൾ ഡിസംബറിൽ പാർലമെന്റ് അംഗീകരിച്ചിരുന്നു. ഈ ലെവികളെല്ലാം നടപ്പാക്കുക ഫെബ്രുവരി ഒന്നുമുതലാണ്. നിലവിൽ വ്യത്യസ്ത നിരക്കുകളിൽ ചുമത്തുന്ന നിലവിലെ ജി.എസ്.ടി നഷ്ടപരിഹാര സെസ് ഫെബ്രുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വരില്ല.