മൂന്ന് പരിശോധനയിലും 17കാരി ‘ഗർഭിണി’, സ്വകാര്യ ആശുപത്രിയിൽ പരിശോധിച്ചപ്പോൾ ഗർഭമില്ല ; താനെയിൽ സർക്കാർ ആശുപത്രിയിലെ മെഡിക്കൽ പരിശോധനയിൽ ഗുരുതര വീഴ്ചയെന്ന് ആരോപണം
താനെ: മഹാരാഷ്ട്രയിലെ താനെയിൽ സർക്കാർ ആശുപത്രിയിലെ മെഡിക്കൽ പരിശോധനയിൽ ഗുരുതര വീഴ്ചയെന്ന് ആരോപണം. ആർത്തവ സംബന്ധമായ പ്രശ്നത്തിന് ചികിത്സ തേടിയെത്തിയ 17കാരിക്ക് കുടുംബത്തിന്റെ സമ്മതമില്ലാതെ മൂന്ന് തവണ ഗർഭപരിശോധന നടത്തിയെന്നും പോസിറ്റീവാണെന്ന തെറ്റായ ഫലം നൽകിയെന്നുമാണ് പരാതി. പിന്നീട് സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഗർഭമില്ലെന്ന് കണ്ടെത്തി. സംഭവത്തിൽ മുനിസിപൽ കമീഷണർ അന്വേഷണത്തിന് ഉത്തരവിട്ടു.
കല്യാൺ ഡോംബിവ്‌ലി മേഖലയിലെ ശാസ്ത്രി നഗർ ആശുപത്രിയിലാണ് സംഭവം. ആർത്തവവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കായി ചികിത്സ തേടിയ പെൺകുട്ടിക്ക് കുടുംബത്തിന്റെ സമ്മതമില്ലാതെ ആശുപത്രി അധികൃതർ ഗർഭപരിശോധന നടത്തുകയായിരുന്നു. മൂന്ന് തവണ പരിശോധന നടത്തിയതിന് പിന്നാലെ പെൺകുട്ടി ഗർഭിണിയാണെന്ന് ആശുപത്രി അധികൃതർ കുടുംബത്തെ അറിയിക്കുകയായിരുന്നു.
ഗർഭിണിയാണെന്ന വിവരം അറിഞ്ഞതോടെ ആശങ്കയിലായ കുടുംബം പെൺകുട്ടിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് വീണ്ടും പരിശോധന നടത്തുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവായി. തുടർന്ന് പെൺകുട്ടിക്ക് ആർത്തവ സംബന്ധമായ പ്രശ്നത്തിന് ചികിത്സ നൽകുകയും മരുന്നുകൾ നിർദേശിക്കുകയും ചെയ്തു.
സംഭവം പുറത്തുവന്നതോടെ സർക്കാർ ആശുപത്രിയിലെ പരിശോധനാ സംവിധാനത്തെയും ഡോക്ടർമാരുടെ നടപടികളെയും കുറിച്ച് വ്യാപക വിമർശനം ഉയർന്നു. ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി കുടുംബവും രംഗത്തെത്തി. വിഷയം സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിൽ ഉന്നയിച്ചതോടെ മുനിസിപൽ കമീഷണർ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.