റഷ്യൻ വിദേശകാര്യ മന്ത്രിയുടെ വ്യാജ വിഡിയോ പങ്കുവെച്ചു: പ്രശാന്ത് ഭൂഷണെതിരെ കേസ്

റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവിന്റേതായി പ്രചരിച്ച വ്യാജ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച സംഭവത്തിൽ പ്രമുഖ സുപ്രീംകോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ പ്രശാന്ത് ഭൂഷണെതിരെ ഡൽഹി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഇന്ത്യയെ വിമർശിക്കുന്ന തരത്തിൽ കൃത്രിമമായി നിർമിച്ച വിഡിയോ പ്രചരിപ്പിച്ചു എന്ന ആരോപണത്തിലാണ് നടപടി

 

ന്യൂഡൽഹി: റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവിന്റേതായി പ്രചരിച്ച വ്യാജ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച സംഭവത്തിൽ പ്രമുഖ സുപ്രീംകോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ പ്രശാന്ത് ഭൂഷണെതിരെ ഡൽഹി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഇന്ത്യയെ വിമർശിക്കുന്ന തരത്തിൽ കൃത്രിമമായി നിർമിച്ച വിഡിയോ പ്രചരിപ്പിച്ചു എന്ന ആരോപണത്തിലാണ് നടപടി. നവംബർ 3-ന് നടത്തിയ സൈബർ നിരീക്ഷണത്തിനിടയിലാണ് പ്രശാന്ത് ഭൂഷന്റെ ഔദ്യോഗിക എക്സ് (എക്സ്/ട്വിറ്റർ) പേജിലൂടെ വ്യാജ വിഡിയോ പങ്കുവെക്കപ്പെട്ടതായി ഡൽഹി പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

വ്യാജവും ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്നതുമായ ഉള്ളടക്കമാണ് വിഡിയോയിലുള്ളതെന്നും ഇത് പൊതുസമാധാനം തകർക്കാൻ ഇടയാക്കുമെന്നും പോലീസ് വ്യക്തമാക്കി. ഭാരതീയ ന്യായ സംഹിതയിലെയും ഐടി ആക്ടിലെയും വകുപ്പുകൾ പ്രകാരമാണ് കേസ്. റഷ്യൻ വിദേശകാര്യ മന്ത്രി ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളെക്കുറിച്ചും രാജ്യത്തിന്റെ എണ്ണ ഇറക്കുമതിയെക്കുറിച്ചും വിമർശനാത്മക പരാമർശങ്ങൾ നടത്തുന്നതായാണ് വ്യാജ ക്ലിപ്പിൽ ഉണ്ടായിരുന്നത്. എന്നാൽ ഇത് തികച്ചും നിർമിതവും ഡിജിറ്റലായി മാറ്റം വരുത്തിയതുമാണെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ ഫാക്ട് ചെക്ക് വിഭാഗം വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.