രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പ് പ്രക്രിയ നാളെ മുതല്‍
ആദ്യ ഘട്ടത്തിലെ ഭവന സെന്‍സസില്‍ വീടുകളുടെ തരം, ലഭ്യമായ അടിസ്ഥാന സൗകര്യങ്ങള്‍, വീട്ടിലുള്ള ആസ്തികള്‍ തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുക.
2011-ന് ശേഷം കോവിഡ് പശ്ചാത്തലത്തില്‍ നീണ്ടുപോയ സെന്‍സസ് നടപടികളാണ് ഇപ്പോള്‍ പുനരാരംഭിക്കുന്നത്.
രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പ് പ്രക്രിയയ്ക്ക് നാളെ തുടക്കമാകും. രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സെന്‍സസ് എന്ന പ്രത്യേകതയോടെയാണ് സെന്‍സസ് നടപടികള്‍ ആരംഭിക്കുന്നത്. രണ്ട് ഘട്ടങ്ങളിലായാണ് സെന്‍സസ് നടപ്പിലാക്കുന്നത്. ആദ്യ ഘട്ടത്തില്‍ വീടുകളുടെ വിവരശേഖരണവും രണ്ടാം ഘട്ടത്തില്‍ യഥാര്‍ത്ഥ ജനസംഖ്യാ കണക്കെടുപ്പുമാണ് നടക്കുക. 2011-ന് ശേഷം കോവിഡ് പശ്ചാത്തലത്തില്‍ നീണ്ടുപോയ സെന്‍സസ് നടപടികളാണ് ഇപ്പോള്‍ പുനരാരംഭിക്കുന്നത്.
ആദ്യ ഘട്ടത്തിലെ ഭവന സെന്‍സസില്‍ വീടുകളുടെ തരം, ലഭ്യമായ അടിസ്ഥാന സൗകര്യങ്ങള്‍, വീട്ടിലുള്ള ആസ്തികള്‍ തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുക. ഓരോ കുടുംബത്തിന്റെയും സാമ്പത്തിക നിലവാരവും ജീവിത സാഹചര്യങ്ങളും മനസ്സിലാക്കാന്‍ ഇത് സഹായിക്കും. 2027 ഫെബ്രുവരിയില്‍ നടക്കുന്ന രണ്ടാം ഘട്ടത്തിലാണ് വ്യക്തിഗത വിവരങ്ങളും ജാതി വിവരങ്ങളും ഉള്‍പ്പെടെയുള്ള ജനസംഖ്യാ കണക്കെടുപ്പ് നടത്തുക. ഇത്തവണ വിവരശേഖരണത്തിനായി മൊബൈല്‍ ആപ്പുകളും പ്രത്യേക വെബ് പോര്‍ട്ടലുകളും ഉപയോഗിക്കുന്നതിനാല്‍ വിവരങ്ങള്‍ വേഗത്തിലും കൃത്യമായും ലഭ്യമാകും.
കേരളത്തില്‍ ആദ്യഘട്ട സെന്‍സസ് നടപടികള്‍ ജൂണ്‍ മാസത്തിലാണ് ആരംഭിക്കുന്നത്. ജൂണ്‍ 16 മുതല്‍ 30 വരെ പൊതുജനങ്ങള്‍ക്ക് സ്വയം വിവരങ്ങള്‍ രേഖപ്പെടുത്താനുള്ള 'സെല്‍ഫ് എന്യൂമറേഷന്‍' സൗകര്യം ലഭ്യമാകും. തുടര്‍ന്ന് ജൂലൈ ഒന്ന് മുതല്‍ 30 വരെ സെന്‍സസ് ഉദ്യോഗസ്ഥര്‍ നേരിട്ട് വീടുകളിലെത്തി വിവരങ്ങള്‍ ശേഖരിക്കും. രാജ്യത്താകെ ശേഖരിക്കുന്ന വിവരങ്ങള്‍ ക്രോഡീകരിച്ച് 2027 മാര്‍ച്ച് ഒന്നോടുകൂടി പുതിയ സെന്‍സസ് കണക്കുകള്‍ ഔദ്യോഗികമായി പ്രസിദ്ധീകരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്