പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പ് ; നിക്ഷേപകരുടെ നിലപാടിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി
പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസിൽ നിക്ഷേപകരുടെ നിലപാടിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. രാജ്യത്ത് സുരക്ഷിതമായ നിരവധി ദേശസാൽകൃത ബാങ്കുകൾ ഉണ്ടായിട്ടും അവ ഒഴിവാക്കി പോപ്പുലർ ഫിനാൻസിൽ പണം നിക്ഷേപിച്ചത് അധിക പലിശ മോഹിച്ചല്ലേയെന്ന് കോടതി ചോദിച്ചു. ഉയർന്ന ലാഭം ലക്ഷ്യമിട്ട് നിക്ഷേപം നടത്തുന്നവർ അതിലടങ്ങിയിരിക്കുന്ന അപകടസാധ്യതകൾ നേരിടാൻ ബാധ്യസ്ഥരാണെന്നും കോടതി വ്യക്തമാക്കി. സ്ഥാപനത്തിന്റെ എം.ഡി തോമസ് ഡാനിയലിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ.ഡിയും നിക്ഷേപകരും നൽകിയ ഹർജി തള്ളിക്കൊണ്ടായിരുന്നു ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം.
കേരള ഹൈക്കോടതി അനുവദിച്ച ജാമ്യം തോമസ് ഡാനിയൽ ലംഘിച്ചുവെന്നും നിക്ഷേപകർക്ക് നൽകാനുള്ള 2000 കോടിയോളം രൂപ തിരികെ നൽകാൻ നടപടിയുണ്ടാകുന്നില്ലെന്നും നിക്ഷേപകരുടെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. ജാമ്യം ലഭിച്ചാൽ പണം നൽകാമെന്ന ഉറപ്പിലാണ് നേരത്തെ ഹൈക്കോടതി ഇയാൾക്ക് ഇളവ് നൽകിയതെന്നും അഭിഭാഷകൻ വാദിച്ചു. എന്നാൽ, ഇത്തരം സ്ഥാപനങ്ങളിലെ നിക്ഷേപം വ്യക്തിപരമായ തീരുമാനമാണെന്നും അതിന്റെ പരിണതഫലങ്ങൾ നിക്ഷേപകർ തന്നെ അനുഭവിക്കേണ്ടി വരുമെന്നും സുപ്രീം കോടതി ആവർത്തിച്ചു.
തോമസ് ഡാനിയൽ ജാമ്യവ്യവസ്ഥകൾ ലംഘിച്ചിട്ടുണ്ടെങ്കിൽ അത് റദ്ദാക്കാനായി നിക്ഷേപകർക്ക് വീണ്ടും ഹൈക്കോടതിയെ തന്നെ സമീപിക്കാവുന്നതാണെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. തോമസ് ഡാനിയലിന് വേണ്ടി സീനിയർ അഭിഭാഷകൻ വി. ചിദംബരേഷും ഇ.ഡിക്ക് വേണ്ടി സൊഹെയ്ബ് ഹുസ്സൈനുമാണ് ഹാജരായത്. നിക്ഷേപകർക്കായി അഭിഭാഷകരായ മനോജ് ജോർജ്, എം.ആർ. അഭിലാഷ് എന്നിവർ വാദിച്ചെങ്കിലും പ്രതിയുടെ ജാമ്യം റദ്ദാക്കാൻ സുപ്രീം കോടതി തയ്യാറായില്ല.