ഇടുങ്ങിയ റോഡിൽ സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കം ; രണ്ട് സഹോദരന്മാർക്ക് നേരെ വെടിയുതിർത്ത് പൊലീസുകാരന്റെ മകൻ
ഇടുങ്ങിയ റോഡിൽ സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ഡൽഹി പോലീസ് ഉദ്യോഗസ്ഥന്റെ 26 കാരനായ മകൻ രണ്ട് സഹോദരന്മാർക്ക് നേരെ വെടിയുതിർത്തു. ഗുരുതരമായി പരിക്കേറ്റ
ഫരീദാബാദ്: ഇടുങ്ങിയ റോഡിൽ സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ഡൽഹി പോലീസ് ഉദ്യോഗസ്ഥന്റെ 26 കാരനായ മകൻ രണ്ട് സഹോദരന്മാർക്ക് നേരെ വെടിയുതിർത്തു. ഗുരുതരമായി പരിക്കേറ്റ യുവാക്കളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടുങ്ങിയ റോഡിൽ രണ്ട് കാറുകൾ മുഖാമുഖം എത്തിയപ്പോൾ ഇരു ഡ്രൈവർമാരും വാഹനം പിന്നോട്ടെടുക്കാൻ തയ്യാറാകാത്തതാണ് തർക്കത്തിന് കാരണമായത്. പ്രശാന്ത് ജംഗ്ര (27), ഇളയ സഹോദരൻ പ്രിൻസ് (23) എന്നിവർക്കാണ് വെടിയേറ്റത്. ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം.
ഭാരത് കോളനിയിലെ താമസക്കാരനും ഡൽഹി പോലീസിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറുടെ മകനുമായ പ്രതി ജസ്വന്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ ഫരീദാബാദിലെ ഒരു സ്വകാര്യ ആശുപത്രിയിൽ കമ്പ്യൂട്ടർ ഓപ്പറേറ്ററായി ജോലി ചെയ്യുകയാണ്. രാത്രി 9.30-ഓടെ ഭാരത് കോളനിയിലായിരുന്നു സംഭവം. വെടിയേറ്റ സഹോദരന്മാർക്കൊപ്പം അവരുടെ ബന്ധുവായ പിയൂഷ്, പ്രശാന്തിന്റെ ഭാര്യാസഹോദരൻ തുഷാർ എന്നിവരും ഉണ്ടായിരുന്നു. പ്രശാന്തിന്റെ നെഞ്ചിലും പ്രിൻസിന്റെ കഴുത്തിലുമാണ് വെടിയേറ്റത്. പ്രശാന്ത് തീവ്രപരിചരണ വിഭാഗത്തിലും പ്രിൻസ് വെന്റിലേറ്ററിന്റെ സഹായത്തോടെയുമാണ് കഴിയുന്നതെന്ന് പോലീസ് പറഞ്ഞു.
വീട്ടിൽ നിന്ന് കഷ്ടിച്ച് 100-150 മീറ്റർ പിന്നിട്ടപ്പോഴേക്കും പ്രതിയായ ജസ്വന്ത് (26) ഓടിച്ചിരുന്ന മാരുതി സുസുക്കി ബ്രെസ്സ കാർ എതിർദിശയിൽ നിന്ന് വരികയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. പ്രശാന്താണ് കാർ ഓടിച്ചിരുന്നത്. രണ്ട് കാറുകൾക്കും കടന്നുപോകാൻ മതിയായ സ്ഥലമില്ലെന്ന് സൂചിപ്പിക്കാൻ പ്രശാന്ത് ഹെഡ്ലൈറ്റ് തെളിയിച്ച് സിഗ്നൽ നൽകിയിരുന്നു. എന്നാൽ ബ്രെസ്സ കാർ മുന്നോട്ട് തന്നെ വരികയും ഇരു കാറുകളും മുഖാമുഖം എത്തുകയും ചെയ്തു. ഇതോടെ വാഹനങ്ങൾ തിരിക്കാൻ ഇടമില്ലാതായി.