റാഞ്ചിയിലെ ഇ.ഡി ഓഫീസിൽ പൊലീസ് റെയ്ഡ് ; ഹൈകോടതിയെ സമീപിച്ച് ഇ.ഡി 

റാഞ്ചിയിലെ ഇ.ഡി ഓഫീസിൽ പൊലീസ് റെയ്ഡ് ; ഹൈകോടതിയെ സമീപിച്ച് ഇ.ഡി റാഞ്ചി : കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെൻറ് ഡയറക്ടേർസിൻറെ (ഇ.ഡി) റാഞ്ചി ഓഫീസിൽ റെയ്ഡ് നടത്തി ഝാർഖണ്ഡ് പൊലീസ്.

 

 റാഞ്ചിയിലെ ഇ.ഡി ഓഫീസിൽ പൊലീസ് റെയ്ഡ് ; ഹൈകോടതിയെ സമീപിച്ച് ഇ.ഡി റാഞ്ചി : കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെൻറ് ഡയറക്ടേർസിൻറെ (ഇ.ഡി) റാഞ്ചി ഓഫീസിൽ റെയ്ഡ് നടത്തി ഝാർഖണ്ഡ് പൊലീസ്. വ്യാഴാഴ്ച്ചയാണ് സംഭവം. ഇ.ഡി ഓഫീസിൽ വച്ച് ആക്രമിക്കപ്പെട്ടു എന്ന പരാതിയിലാണ് നടപടി. ഓഫീസിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചതായി വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു. റെയ്ഡിനെതിരെ ഇ.ഡി ഝാർഖണ്ഡ് ഹൈകോടതിയെ സമീപിച്ചതിനെ തുടർന്ന് പൊലീസ് അന്വേഷണം നിർത്തിവെക്കാൻ വെള്ളിയാഴ്ച്ച കോടതി ഉത്തരവിട്ടു.

എന്തെങ്കിലും സുരക്ഷാ വീഴ്ചയുണ്ടായാൽ റാഞ്ചി സീനിയർ പൊലീസ് സൂപ്രണ്ട് രാകേഷ് രഞ്ജൻ ഉത്തരവാദിയായിരിക്കുമെന്നും കോടതി പറഞ്ഞു. അന്വേഷണ സംഘത്തിൽ ഡി.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥനും വിമാനത്താവള പൊലീസ് സ്റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥനും ഉൾപ്പെട്ടിരുന്നു.
ഇ.ഡി ഓഫീസിനും ഉദ്യോഗസ്ഥർക്കും സുരക്ഷ ഒരുക്കുന്നതിനായി സി.ആർ.പി.എഫ്, ബി.എസ്.എഫ് അല്ലെങ്കിൽ മറ്റേതെങ്കിലും അർദ്ധസൈനിക വിഭാഗത്തെ നിയോഗിക്കാൻ കോടതി കേന്ദ്ര ആഭ്യന്തര സെക്രട്ടറിയോട് ഉത്തരവിട്ടു.

കുടിവെള്ള, ശുചിത്വ വകുപ്പിലെ മുൻ ജീവനക്കാരനായ സന്തോഷ് കുമാർ വകുപ്പിലെ അഴിമതിയുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനിടെ ഇ.ഡി. ഉദ്യോഗസ്ഥർ മർദിച്ചതായി പരാതിപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് ഇ.ഡി ഉദ്യോഗസ്ഥർ വ്യാഴാഴ്ച്ച രാവിലെ റെയ്ഡ് നടത്തിയത്. സന്തോഷ് നടത്തിയ 23 കോടി രൂപയുടെ അഴിമതിയെക്കുറിച്ച് ഏജൻസി അന്വേഷിക്കുന്നുണ്ടെന്ന് ഇ.ഡി അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഈ വിഷയത്തിൽ ഇ.ഡി ഇതിനകം ഒമ്പത് കോടി രൂപ കണ്ടെടുത്തിട്ടുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

അതേസമയം, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെ പൊലീസ് നടപടിയുടെ മറവിൽ മുഖ്യമന്ത്രി ഹേമന്ത് സോറൻ ഉൾപ്പെട്ട കേസുകളിലെ നിർണായക തെളിവുകൾ നശിപ്പിക്കാൻ ശ്രമങ്ങൾ നടക്കുമെന്ന് പ്രതിപക്ഷ നേതാവ് ബാബുലാൽ മറാണ്ടി ആരോപിച്ചു.