മുംബൈ ശിവാജി പാർക്ക് മൈതാനത്ത് സി.ജെ.പി നടത്താൻ നിശ്ചയിച്ചിരുന്ന പ്രതിഷേധത്തിന് അനുമതി നിഷേധിച്ച് പൊലീസ് ; ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടെന്ന് അഭിജീത് ദിപ്കെ 

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടെ രാജി ആവശ്യപ്പെട്ട് ഒക്ടോബർ രണ്ടിന് മുംബൈ ശിവാജി പാർക്ക് മൈതാനത്ത് സി.ജെ.പി നടത്താൻ നിശ്ചയിച്ചിരുന്ന പ്രതിഷേധത്തിന് അനുമതി നിഷേധിച്ച് മുംബൈ പൊലീസ്.

 

മുംബൈ  : മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടെ രാജി ആവശ്യപ്പെട്ട് ഒക്ടോബർ രണ്ടിന് മുംബൈ ശിവാജി പാർക്ക് മൈതാനത്ത് സി.ജെ.പി നടത്താൻ നിശ്ചയിച്ചിരുന്ന പ്രതിഷേധത്തിന് അനുമതി നിഷേധിച്ച് മുംബൈ പൊലീസ്. അതേസമയം ഗാന്ധി ജയന്തി ദിനത്തിൽതന്നെ മുംബൈയിൽ 'ജയിൽ ഭാരോ ആന്ദോളൻ' (ജയിൽ നിറയ്ക്കൽ സമരം) സംഘടിപ്പിക്കുമെന്ന് സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്കെയും തുടർന്ന് വ്യക്തമാക്കി.

പൗരന്മാരുടെ ശബ്ദം അടിച്ചമർത്താനുള്ള ഇത്തരം സ്വേച്ഛാധിപത്യ തന്ത്രങ്ങൾ അംഗീകരിക്കാനാകില്ലെന്നും സമരം ചെയ്യാനുള്ള അവകാശം നിഷേധിക്കപ്പെട്ടാൽ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും അഭിജീത് ദിപ്കെ എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കി.

എന്നാൽ, പ്രസ്തുത പ്രദേശം 'സൈലൻസ് സോൺ' ആണെന്നും ബോംബെ ഹൈക്കോടതിയുടെ 2013ലെ ഉത്തരവ് പ്രകാരം ശിവാജി പാർക്കിൽ ഇത്തരം യോഗങ്ങൾക്കോ പ്രകടനങ്ങൾക്കോ അനുമതി നൽകാൻ തങ്ങൾക്ക് അധികാരമില്ലെന്നുമാണ് മുംബൈ പൊലീസ് നൽകുന്ന വിശദീകരണം.

അപേക്ഷകനായ അജിങ്ക്യ ഷിൻഡെയെ ഇക്കാര്യം ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും, മുംബൈ നഗരത്തിൽ സമരത്തിനായി മറ്റ് അനുയോജ്യമായ വേദികൾ തേടി വീണ്ടും അപേക്ഷിച്ചാൽ ഉചിതമായ രീതിയിൽ പരിഗണിക്കാമെന്നുമാണ് പൊലീസ് എക്സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചത്. ഗ്യാനേഷ് കുമാർ രാജിവെച്ചില്ലെങ്കിൽ ഒക്ടോബർ രണ്ട് മുതൽ രാജ്യവ്യാപകമായി പ്രക്ഷോഭം ആരംഭിക്കുമെന്ന് സെപ്റ്റംബർ 25ന് അഭിജീത് ദീപകെ പ്രഖ്യാപിച്ചിരുന്നു.