പോക്സോ കേസിൽ അതിക്രമ വിവരം അറിഞ്ഞയുടൻ റിപ്പോർട്ട് ചെയ്തില്ലെങ്കിൽ തടവ് ശിക്ഷ ലഭിക്കും ; സുപ്രീം കോടതി
ന്യൂഡൽഹി: കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യാതിരിക്കുന്നത് ഗുരുതരമായ നിയമലംഘനമാണെന്ന് സുപ്രീം കോടതി. പോക്സോ നിയമപ്രകാരം കുറ്റകൃത്യം നടന്നതായി അറിഞ്ഞിട്ടും അത് പൊലീസിനെ അറിയിക്കാൻ വിസമ്മതിക്കുന്നവർ നിയമത്തിനു മുന്നിൽ മറുപടി പറയേണ്ടി വരുമെന്ന് ജസ്റ്റിസുമാരായ മനോജ് മിശ്ര, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. പീഡന വിവരം അറിഞ്ഞിട്ടും പൊലീസിൽ അറിയിക്കാതിരുന്ന സ്കൂൾ പ്രധാനാധ്യാപികയെ വിചാരണ ചെയ്യാൻ അനുവദിച്ചുകൊണ്ടാണ് കോടതിയുടെ സുപ്രധാന ഉത്തരവ്.
പോക്സോ നിയമത്തിലെ സെക്ഷൻ 21 പ്രകാരം റിപ്പോർട്ട് ചെയ്യാത്തവർക്ക് ആറു മാസം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം. കുട്ടികളെ സംരക്ഷിക്കുകയെന്ന നിയമത്തിന്റെ ലക്ഷ്യം നിറവേറ്റാൻ ഇത്തരം കർശന നടപടികൾ അത്യാവശ്യമാണെന്ന് കോടതി ഓർമ്മിപ്പിച്ചു. റിപ്പോർട്ട് ചെയ്യാൻ വൈകുന്നത് തെളിവുകൾ നശിക്കുന്നതിനും കുറ്റവാളികൾ രക്ഷപ്പെടുന്നതിനും കാരണമാകും. അതുകൊണ്ട് അതിക്രമത്തെക്കുറിച്ച് അറിഞ്ഞാൽ നിർബന്ധമായും ഉടൻ തന്നെ റിപ്പോർട്ട് ചെയ്യണമെന്നും കോടതി നിർദേശിച്ചു.
എട്ടു വയസ്സുകാരിയായ വിദ്യാർഥിനിയെ സീനിയർ വിദ്യാർഥി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. ഈ വിവരം കുട്ടി തന്റെ സഹോദരിയോടും സുഹൃത്തിനോടും സ്കൂളിലെ പ്രധാനാധ്യാപികയോടും വെളിപ്പെടുത്തിയിരുന്നു. എന്നാൽ, വിവരം പൊലീസിനെ അറിയിക്കുന്നതിന് പകരം പ്രധാനാധ്യാപിക സ്വന്തം നിലക്ക് കുട്ടിയെ പരിശോധിക്കുകയും 'ഒന്നും സംഭവിച്ചിട്ടില്ല' എന്ന് സ്വയം തീരുമാനിക്കുകയുമായിരുന്നു.