പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു ;ബെംഗളൂരുവിൽ ബോക്സിങ് പരിശീലകനെതിരെ പോക്സോ കേസ്
ബെംഗളൂരു: പതിനേഴുകാരിയായ ബോക്സിങ് താരത്തെ പീഡിപ്പിച്ച പരിശീലകനെതിരേ പോക്സോ കേസ്. ചെന്നൈയിൽ ബോക്സിങ് മത്സരത്തിനായി പോയപ്പോൾ മുറിയിൽ വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. നേരത്തെയും ബോക്സിങ് പരിശീലകനെതിരേ സമാന പരാതികളുയർന്നിരുന്നുവെന്നും എന്നാൽ സ്വാധീനം ഉപയോഗിച്ച് കേസുകളിൽ നിന്ന് ഊരിപ്പോയതായും റിപ്പോർട്ടുണ്ട്.
മേയ് 17ാം തീയതി ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി പോയപ്പോഴായിരുന്നു സംഭവം. പതിനേഴുകാരിയെ ഇയാൾ താമസിക്കുന്ന മുറിയിലേക്ക് വിളിച്ചുവരുത്തി മോശമായി പെരുമാറുകയായിരുന്നു. ഭയന്ന പെൺകുട്ടി ആദ്യഘട്ടത്തിൽ ആരോടും ഒന്നും പറഞ്ഞിരുന്നില്ല. പിന്നീട് പെൺകുട്ടിയുടെ സ്വഭാവത്തിൽ കാര്യമായ മാറ്റം തിരിച്ചറിഞ്ഞ അമ്മ വിവരങ്ങൾ ചോദിച്ചറിയുകയായിരുന്നു. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.
ഇയാൾക്കെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിലവിൽ ഇയാൾ ഒളിവിലാണ്. അന്വേഷണം ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്.