അര്‍ധരാത്രിയില്‍ വീഡിയോ സന്ദേശവുമായി പ്രധാനമന്ത്രി; ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ കടുത്ത ശിക്ഷ ഉറപ്പാക്കാന്‍ ബില്ല്

ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും ഇത് വലിയ വേദനയുണ്ടാക്കുന്ന കാര്യമാണ്.

 

വിദ്യാര്‍ത്ഥികളുടെ ഒരു അധ്യയന വര്‍ഷം നഷ്ടപ്പെടാതിരിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. '

 നീറ്റ് പരീക്ഷ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ കൂടുതല്‍ കര്‍ശനമായ നടപടികള്‍ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാഴാഴ്ച രാത്രി 11:52 ഓടെ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷയും അതിവേഗ വിചാരണയും ഉറപ്പാക്കുന്ന കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭ രൂപം നല്‍കുമെന്നും അടുത്തയാഴ്ച ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ കൂടുതല്‍ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. അതേസമയം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിയെക്കുറിച്ച് വീഡിയോ സന്ദേശത്തില്‍ പരാമര്‍ശമില്ല.

'സുഹൃത്തുക്കളെ, ചോദ്യപ്പേപ്പര്‍ ചോര്‍ച്ച ഒരു സാധാരണ വിഷയമല്ലെന്ന് എനിക്കറിയാം. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും ഇത് വലിയ വേദനയുണ്ടാക്കുന്ന കാര്യമാണ്. ചോദ്യപ്പേപ്പര്‍ ചോര്‍ച്ചാ സംഭവങ്ങള്‍ക്ക് പിന്നാലെ സര്‍ക്കാര്‍ അതിവേഗം നടപടിയെടുത്തു. അതുകൊണ്ടുതന്നെ, കഴിഞ്ഞ രണ്ടര മാസത്തിനിടെ നിരവധി സുപ്രധാന നടപടികള്‍ സ്വീകരിച്ചു. കുറ്റവാളികളെ പിടികൂടി, അവരിപ്പോള്‍ ജയിലിലാണ്'- പ്രധാനമന്ത്രി പറഞ്ഞു.

വിദ്യാര്‍ത്ഥികളുടെ ഒരു അധ്യയന വര്‍ഷം നഷ്ടപ്പെടാതിരിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. 'വിദ്യാര്‍ത്ഥികളുടെ ഒരു വര്‍ഷം പാഴാകരുത് എന്നത് ഞങ്ങളുടെ പ്രധാന ഉത്തരവാദിത്തമായിരുന്നു. പരീക്ഷകള്‍ ഉടന്‍ നടത്തേണ്ടത് അത്യാവശ്യമായിരുന്നു. ഏകദേശം 22 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്കായി ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ പരീക്ഷ നടത്താന്‍ സര്‍ക്കാര്‍ അതിന്റെ മുഴുവന്‍ ശക്തിയും ഉപയോഗിച്ചു. അഞ്ചോ ആറോ ദിവസം മുന്‍പ്, 19-ാം തീയതി ഫലവും പ്രഖ്യാപിച്ചു. വിജയിച്ച വിദ്യാര്‍ത്ഥികളുടെ സന്തോഷവാര്‍ത്ത രാജ്യത്തിന്റെ പല ഭാഗത്തുനിന്നും വരുന്നുണ്ട്'.

'അതുകൊണ്ട് മാത്രം തൃപ്തിപ്പെടുന്നവരല്ല ഞങ്ങള്‍. അതുകൊണ്ടുതന്നെ, ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കാന്‍ ഞാന്‍ ഇന്ന് വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വകുപ്പുകള്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിച്ച് ഇന്നലെ രാത്രി വൈകി എനിക്കൊരു കരട് രൂപം നല്‍കി. ഫാസ്റ്റ് ട്രാക്ക് കോടതികളും കടുത്ത ശിക്ഷയും ഉള്‍പ്പെടുന്ന ഈ കരട് നാളത്തെ മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്യും. മന്ത്രിസഭയിലെ സഹപ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ഇതിന് അന്തിമരൂപം നല്‍കും. തിങ്കളാഴ്ച പാര്‍ലമെന്റ് സമ്മേളനത്തിന്റെ രണ്ടാം വാരം ആരംഭിക്കുമ്പോള്‍, ഈ ബില്‍ എത്രയും പെട്ടെന്ന് സഭയില്‍ പാസാക്കാന്‍ ശ്രമിക്കും. നമ്മുടെ യുവാക്കളുടെ ഭാവിക്കും ക്ഷേമത്തിനും മീതെ മറ്റൊന്നുമില്ല! അവരുടെ ഭാവി തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ വെറുതെ വിടില്ല'- മോദി പറഞ്ഞു.