ഫോണ്‍ അപ്ഡേറ്റ് ചെയ്തു, സ്‌ക്രീന്‍ കറുത്തനിറമായി,അക്കൗണ്ടില്‍ നിന്ന് പോയത് 98,888 രൂപ ; ഓണ്‍ലൈന്‍ തട്ടിപ്പെന്ന് പരാതി

അസമിലെ ഒരു അക്കൗണ്ടിലേക്കാണ് പണം കൈമാറിയത്. അവിടെ നിന്ന് വിവിധ അക്കൗണ്ടുകളിലേക്ക് പണം മാറ്റുകയും ചെയ്തു.

 

ഉടന്‍ ഗൂഗിള്‍ പേ വഴി പണം കൈമാറിയതിന്റെ സന്ദേശം വന്നതായും സുബിന്‍ പറഞ്ഞു.

ഓണ്‍ലൈന്‍ തട്ടിപ്പിനിരയായി ഇടക്കൊച്ചി സ്വദേശി സുബിന് 98,888 രൂപ നഷ്ടമായെന്ന് പരാതി. കഴിഞ്ഞ ബുധനാഴ്ചയാണ് സുബിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമായത്. ഫോണ്‍ ഉപയോഗിച്ചുകൊണ്ടിരിക്കെ സ്‌ക്രീന്‍ പൂര്‍ണമായും കറുത്ത നിറമാവുകയും മൂന്നു മിനിറ്റിനു ശേഷം ഫോണ്‍ തനിയെ ഓണാവുകയും ചെയ്‌തെന്നാണ് പരാതി. ഉടന്‍ ഗൂഗിള്‍ പേ വഴി പണം കൈമാറിയതിന്റെ സന്ദേശം വന്നതായും സുബിന്‍ പറഞ്ഞു.

അസമിലെ ഒരു അക്കൗണ്ടിലേക്കാണ് പണം കൈമാറിയത്. അവിടെ നിന്ന് വിവിധ അക്കൗണ്ടുകളിലേക്ക് പണം മാറ്റുകയും ചെയ്തു. അതിനാല്‍ പണം തിരിച്ചു പിടിക്കാന്‍ സാധിക്കില്ല എന്നാണ് പൊലീസ് പറയുന്നതെന്നും ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കിയതായും സുബിന്‍ പറഞ്ഞു. പ്രിന്റിങ് പ്രസ്സിലെ ജീവനക്കാരനാണ് തട്ടിപ്പിനിരയായ സുബിന്‍. താന്‍ അധ്വാനിച്ച് സ്വരുക്കൂട്ടി വെച്ച പണമാണ് നഷ്ടമായതെന്നും നാല് രൂപ മാത്രമാണ് ഇനി ബാക്കിയുള്ളതെന്നും സുബിന്‍ പറഞ്ഞു.

സുബിന്‍ ഫോണ്‍ ഉപയോഗിച്ചു കൊണ്ടിരിക്കെ അപ്ഡേഷന്‍ കാണിക്കുകയും ഇതില്‍ ക്ലിക് ചെയതതോടെ ഫോണ്‍ പൂര്‍ണമായി കറുത്ത നിറമാവുകയുമായിരുന്നു. പിന്നാലെ ഗൂഗിള്‍ പേ വഴി പണം കൈമാറിയതിന്റെ സന്ദേശം വന്നു. ബാങ്ക് ജീവനക്കാരില്‍ നിന്ന് ഇത് താങ്കള്‍ ചെയ്ത ട്രാന്‍സാക്ഷന്‍ ആണോയെന്ന് ചോദിച്ച് കോള്‍ വരികയും ചെയ്തു. ഇത് സംശയാസ്പദമായ പണം കൈമാറ്റമാണെന്ന് ബാങ്ക് ജീവനക്കാര്‍ക്കുള്‍പ്പെടെ തോന്നിയെന്നാണ് നിഗമനം. ബാങ്കിങ് പ്രവര്‍ത്തനങ്ങളൊന്നും ചെയ്യുമ്പോഴല്ല ഇത്തരമൊരു അപ്ഡേഷന്‍ വന്നതെന്നാണ് സുബിന്‍ പറയുന്നത്. ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടതാകാം പണം നഷ്ടമായതിന് കാരണമായതെന്നാണ് പൊലീസ് കരുതുന്നത്. സൈബര്‍ സെല്ലില്‍ ഉള്‍പ്പെടെ പരാതി നല്‍കിയിട്ടുണ്ട്.