ഫോണ്‍ ചോര്‍ത്തല്‍ ആരോപണം; പ്രധാനമന്ത്രി അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് സാം പിട്രോഡ

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ഫോണ്‍ ചോര്‍ത്തല്‍ ആരോപണത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് സാം പിട്രോഡ രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണുകള്‍ ചോര്‍ത്തുന്നയാളാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് അദ്ദേഹം എൻഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഒരു സ്‌ക്രൂഡ്രൈവറുമെടുത്ത് കംപ്യൂട്ടറിന് മുന്നില്‍ ഇരുന്ന് ഫോണ്‍ ചോര്‍ത്തുന്നയാളല്ല പ്രധാനമന്ത്രിയെന്നാണ് പിട്രോഡയുടെ പ്രതികരണം.

 

ന്യൂഡല്‍ഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ഫോണ്‍ ചോര്‍ത്തല്‍ ആരോപണത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് സാം പിട്രോഡ രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണുകള്‍ ചോര്‍ത്തുന്നയാളാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് അദ്ദേഹം എൻഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഒരു സ്‌ക്രൂഡ്രൈവറുമെടുത്ത് കംപ്യൂട്ടറിന് മുന്നില്‍ ഇരുന്ന് ഫോണ്‍ ചോര്‍ത്തുന്നയാളല്ല പ്രധാനമന്ത്രിയെന്നാണ് പിട്രോഡയുടെ പ്രതികരണം.

അതേസമയം, തന്റെ ഫോണും ലാപ്‌ടോപ്പും നിരീക്ഷണത്തിന് വിധേയമാകുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്നും ലാപ്‌ടോപ്പ് ആക്രമിക്കപ്പെട്ടിട്ടുണ്ടെന്നും ബാങ്ക് അക്കൗണ്ടുകള്‍ നിരീക്ഷണത്തിലാണെന്നും വിശ്വസിക്കാന്‍ മതിയായ കാരണങ്ങളുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. വിദഗ്ധരുടെ സഹായത്തോടെ ഉപകരണങ്ങള്‍ പരിശോധിച്ച ശേഷമാണ് ഫോണ്‍ ചോര്‍ത്തല്‍ നടക്കുന്നുണ്ടെന്ന മുന്നറിയിപ്പ് ലഭിച്ചതെന്നും പിട്രോഡ പറഞ്ഞു. എന്നാല്‍ ഇതിന് പിന്നില്‍ ആരാണെന്ന് തനിക്ക് അറിയില്ലെന്നും ആരെയും പേരെടുത്ത് പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. "ആരോ ഇത് ചെയ്യുന്നുണ്ട്. ആരാണെന്ന് അറിയില്ല. അതുമായി പൊരുത്തപ്പെട്ട് ജീവിക്കുകയാണ്. ചുറ്റും മോശം ആളുകളുണ്ട്, എന്തുചെയ്യാനാകും" - സാം പിട്രോഡ ചോദിച്ചു.