ആംബുലന്‍സിന് ഇന്ധനം നല്‍കാന്‍ പെട്രോള്‍ പമ്പ് അധികൃതര്‍ തയ്യാറായില്ല, രോഗി മരിച്ചു ; പ്രതിഷേധം
പണ്ടേപൂര്‍ സ്വദേശിയായ ചത്തു ശര്‍മയാണ് മരിച്ചത്.
ഇന്ധനത്തിനായി ഏറെ നേരം പമ്പില്‍ കാത്തുകിടക്കേണ്ടി വന്നതോടെ രോഗിയുടെ നില വഷളായി. ആശുപത്രിയില്‍ എത്തും മുന്‍പ് രോഗി മരിച്ചു.
ഉത്തര്‍പ്രദേശിലെ ബല്ലിയയില്‍ ആംബുലന്‍സിന് ഇന്ധനം നല്‍കാന്‍ പെട്രോള്‍ പമ്പ് അധികൃതര്‍ തയ്യാറാകാത്തതിനെത്തുടര്‍ന്ന് ആശുപത്രിയിലെത്തിക്കാന്‍ വൈകിയ രോഗി മരണപ്പെട്ടു. രോഗിയുമായി പോയ ആംബുലന്‍സ് ഇന്ധനം നിറയ്ക്കാന്‍ അടുത്തുള്ള പെട്രോള്‍ പമ്പില്‍ എത്തിയെങ്കിലും, പമ്പ് ജീവനക്കാര്‍ പെട്രോള്‍ നല്‍കാന്‍ തയ്യാറായില്ല. ആംബുലന്‍സ് സര്‍വീസുമായി ബന്ധപ്പെട്ട കുടിശ്ശിക നിലനില്‍ക്കുന്നുണ്ടെന്നും പണം നല്‍കാതെ ഇന്ധനം അടിക്കില്ലെന്നുമാണ് പമ്പ് അധികൃതര്‍ നിലപാടെടുത്തത്. ഇന്ധനത്തിനായി ഏറെ നേരം പമ്പില്‍ കാത്തുകിടക്കേണ്ടി വന്നതോടെ രോഗിയുടെ നില വഷളായി. ആശുപത്രിയില്‍ എത്തും മുന്‍പ് രോഗി മരിച്ചു.
പണ്ടേപൂര്‍ സ്വദേശിയായ ചത്തു ശര്‍മയാണ് മരിച്ചത്. വീട്ടില്‍ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു ബന്ധുക്കള്‍. സ്വകാര്യ ആംബുലന്‍സിലായിരുന്നു യാത്ര. എന്നാല്‍ ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് ഏപ്രില്‍ 22 ന് രാത്രി 9.20-ന് തെന്‍ഗ്രാഹി ഗ്രാമത്തിലെ ഭുഷന്‍ പെട്രോള്‍ പമ്പില്‍ വാഹനം ഇന്ധനം നിറയ്ക്കാന്‍ എത്തി. സ്റ്റോക്കില്ലെന്ന് പറഞ്ഞ് അധികൃതര്‍ ഇന്ധനം നല്‍കാന്‍ മടിച്ചു. 15 മിനിറ്റോളം ആംബുലന്‍സ് ഇവിടെ കാത്തുനില്‍ക്കേണ്ടി വന്നു. ഒടുവില്‍ രോഗി മരിച്ചതോടെ പൊലീസെത്തി പരിശോധിച്ചു. ഈ സമയത്ത് പമ്പില്‍ 4595 ലിറ്റര്‍ പെട്രോള്‍, 4784 ലിറ്റര്‍ ഹൈ സ്പീഡ് ഡീസല്‍, 3475 ലിറ്റര്‍ പ്രീമിയം പെട്രോളും ഉണ്ടായിരുന്നുവെന്ന് കണ്ടെത്തി.
സംഭവത്തില്‍ അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പെട്രോള്‍ പമ്പ് ഉടമയ്ക്കും ജീവനക്കാര്‍ക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്ന അടിയന്തര സേവനങ്ങള്‍ക്ക് മുന്‍ഗണന നല്‍കാത്തതിനെതിരെ പ്രതിഷേധം ഉയരുകയാണ്.