പരിഭ്രാന്തി വേണ്ട..! രാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി എന്നിവയ്ക്ക് ക്ഷാമമില്ല ; 'ആവശ്യത്തിന് മാത്രം വാങ്ങുക'

 രാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി എന്നിവയ്ക്ക് ക്ഷാമമുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് പ്രമുഖ പൊതുമേഖലാ എണ്ണക്കമ്പനികൾ അറിയിച്ചു. ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ കമ്പനികളാണ് സംയുക്ത പ്രസ്താവനയുമായി രംഗത്തെത്തിയത്.

 

 രാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി എന്നിവയ്ക്ക് ക്ഷാമമുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് പ്രമുഖ പൊതുമേഖലാ എണ്ണക്കമ്പനികൾ അറിയിച്ചു. ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ കമ്പനികളാണ് സംയുക്ത പ്രസ്താവനയുമായി രംഗത്തെത്തിയത്. സോഷ്യൽ മീഡിയ വഴി പടരുന്ന വ്യാജവാർത്തകൾ ജനങ്ങൾക്കിടയിൽ അനാവശ്യ പരിഭ്രാന്തി സൃഷ്ടിക്കുന്ന പശ്ചാത്തലത്തിലാണ് കമ്പനികൾ ഔദ്യോഗിക വിശദീകരണം നൽകിയത്. രാജ്യത്തുടനീളം ഇന്ധന വിതരണം തടസ്സമില്ലാതെ തുടരുന്നുണ്ടെന്നും എല്ലാ പമ്പുകളിലും ആവശ്യത്തിന് സ്റ്റോക്ക് ലഭ്യമാണെന്നും അധികൃതർ വ്യക്തമാക്കി.

ഇന്ധന ലഭ്യത കുറയുമെന്ന ഭീതിയിൽ ജനങ്ങൾ കൂട്ടത്തോടെ പെട്രോൾ പമ്പുകളിലെത്തി അമിതമായി ഇന്ധനം ശേഖരിക്കുന്നത് ഒഴിവാക്കണമെന്ന് കമ്പനികൾ അഭ്യർത്ഥിച്ചു. ഇത്തരം ‘പാനിക് ബയിംഗ്’ വിതരണ ശൃംഖലയിൽ അനാവശ്യ സമ്മർദ്ദമുണ്ടാക്കുമെന്നും സാധാരണ നിലയിലുള്ള ഉപഭോഗം തുടരണമെന്നും അറിയിപ്പിൽ പറയുന്നു. ഇന്ത്യ പെട്രോൾ, ഡീസൽ എന്നിവയുടെ കയറ്റുമതി നടത്തുന്ന രാജ്യമാണെന്നും, നിലവിൽ ക്രൂഡ് ഓയിൽ ഉൾപ്പെടെയുള്ളവയുടെ മതിയായ ശേഖരം രാജ്യത്തുണ്ടെന്നും ഭാരത് പെട്രോളിയം ചൂണ്ടിക്കാട്ടി.

അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്നും ആധികാരികമായ വിവരങ്ങൾക്ക് മാത്രം മുൻഗണന നൽകണമെന്നും എണ്ണക്കമ്പനികൾ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ഉപഭോക്താക്കൾക്ക് തടസ്സമില്ലാത്ത സേവനം ഉറപ്പാക്കാൻ കമ്പനികൾ പ്രതിജ്ഞാബദ്ധമാണ്. പെട്രോളിയം ഉൽപ്പന്നങ്ങളുടെ സുഗമമായ വിതരണം ഉറപ്പാക്കാൻ എല്ലാ പെട്രോൾ പമ്പുകൾക്കും കമ്പനികൾ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. വ്യാജപ്രചാരണങ്ങൾ തടയാൻ എല്ലാവരും സഹകരിക്കണമെന്നും ഔദ്യോഗിക അറിയിപ്പിൽ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്.