ബിസ്ലേരിക്കെതിരെ പ്രോസിക്യൂഷൻ നടപടിക്ക് അനുമതി; മറ്റ് നാല് സ്ഥാപനങ്ങൾക്കെതിരെയും എഫ്എസ്എസ്എഐ നടപടി
പാക്കേജഡ് കുടിവെള്ള സാമ്പിൾ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് പ്രമുഖ കമ്പനിയായ ബിസ്ലേരി ഇന്റർനാഷണലിനെതിരെ പ്രോസിക്യൂഷൻ നടപടിക്ക് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) അനുമതി നൽകി. ബിസ്ലേരി ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് ഉൾപ്പെടെ അഞ്ച് ഭക്ഷ്യ സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി. കൂടാതെ, ഗുരുതരമായ ഭക്ഷ്യസുരക്ഷാ - ശുചിത്വ ലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് മറ്റ് രണ്ട് സ്ഥാപനങ്ങളുടെ ലൈസൻസുകൾ സസ്പെൻഡ് ചെയ്യുകയും ചെയ്തു.
ന്യൂഡൽഹി: പാക്കേജഡ് കുടിവെള്ള സാമ്പിൾ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് പ്രമുഖ കമ്പനിയായ ബിസ്ലേരി ഇന്റർനാഷണലിനെതിരെ പ്രോസിക്യൂഷൻ നടപടിക്ക് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) അനുമതി നൽകി. ബിസ്ലേരി ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് ഉൾപ്പെടെ അഞ്ച് ഭക്ഷ്യ സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി. കൂടാതെ, ഗുരുതരമായ ഭക്ഷ്യസുരക്ഷാ - ശുചിത്വ ലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് മറ്റ് രണ്ട് സ്ഥാപനങ്ങളുടെ ലൈസൻസുകൾ സസ്പെൻഡ് ചെയ്യുകയും ചെയ്തു.
ബിസ്ലേരിയുടെ കുടിവെള്ള സാമ്പിളിൽ അനുവദനീയമായ പരിധിയിലും കൂടുതൽ ബ്രോമേറ്റ് (Bromate) കണ്ടെത്തിയതാണ് നടപടിക്ക് കാരണം. ഇതോടെ 2006-ലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് ആക്ട് പ്രകാരം ഉൽപ്പന്നം സുരക്ഷിതമല്ലെന്ന് പ്രഖ്യാപിച്ചാണ് എഫ്എസ്എസ്എഐ പ്രോസിക്യൂഷന് അനുമതി നൽകിയത്. പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബണുകൾ (PAHs) കണ്ടെത്തിയതിനെ തുടർന്ന് റഫറൽ ഫുഡ് ലബോറട്ടറിയും സാമ്പിൾ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയിരുന്നു. ജലശുദ്ധീകരണ പ്രക്രിയകളിൽ രൂപപ്പെടാവുന്ന രാസസംയുക്തമാണ് ബ്രോമേറ്റ്.
മറ്റ് ഭക്ഷ്യ ഉൽപ്പാദകർക്കെതിരെയും കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വസന്ത് മസാല പ്രൈവറ്റ് ലിമിറ്റഡിന്റെ മുളകുപൊടിയിൽ അനുവദനീയമായ പരിധിക്ക് മുകളിൽ 'ഡൈഫെനോകോണസോൾ' എന്ന കീടനാശിനി അവശിഷ്ടം കണ്ടെത്തിയതിനെ തുടർന്നാണ് കേസെടുത്തത്. അമിത കീടനാശിനി അവശിഷ്ടം അടങ്ങിയ പ്രീ-പാക്ക് ചെയ്ത മുളകുപൊടിയും, അനുവദനീയമായ പരിധിയിലും കൂടുതൽ ടിൻ (Tin) അടങ്ങിയ മഞ്ഞൾപ്പൊടിയും കണ്ടെത്തിയതിനെ തുടർന്ന് ടിറ്റ്-ബിറ്റ് ഫുഡ്സ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡിനെതിരെയും പ്രോസിക്യൂഷൻ നടപടികൾക്ക് അനുമതി നൽകിയിട്ടുണ്ട്.