പെന്‍ഷനിലേയ്ക്കുള്ള പ്രതിമാസ തുക നിര്‍ത്തലാക്കി സര്‍ക്കാര്‍

പെന്‍ഷനിലേയ്ക്കുള്ള പ്രതിമാസ തുക നിര്‍ത്തലാക്കി സര്‍ക്കാര്‍
 

ഡൽഹി : രാജസ്ഥാനു പിന്നാലെ, ഛത്തീസ്ഗഡും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിച്ചു.സര്‍ക്കാര്‍ ജീവനക്കാരെ നിയമിക്കാനും അവരുടെ സേവന, വേതന വ്യവസ്ഥകള്‍ നിര്‍ണയിക്കാനും കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും അധികാരം നല്‍കുന്ന, ഭരണഘടനയുടെ 309-ാം അനുച്ഛേദമനുസരിച്ചാണ് തീരുമാനമെന്ന്, ഛത്തീസ്ഗഡ് സര്‍ക്കാര്‍ വ്യക്തമാക്കി.

2004 നവംബര്‍ 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണു പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കല്‍ നടപ്പാക്കിയത്. കഴിഞ്ഞ മാസം മുതല്‍, പങ്കാളിത്ത പെന്‍ഷനിലേയ്ക്കുള്ള പ്രതിമാസ വിഹിതം ഈടാക്കുന്നത് സര്‍ക്കാര്‍ നിര്‍ത്തലാക്കിയിരുന്നു.

അതേസമയം, കേരളത്തില്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കണമെന്ന ആവശ്യം ജീവനക്കാര്‍ക്കിടയില്‍ ശക്തമാണെങ്കിലും, സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഇതു സംബന്ധിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് വിവരാവകാശ കമ്മീഷന്‍ ഉത്തരവിട്ടെങ്കിലും ഇതുവരെ ധനവകുപ്പ് വഴങ്ങിയിട്ടില്ല.