കാൽനട യാത്രക്കാരുടെ സുരക്ഷ ഇനി ഭരണഘടനാ അവകാശം ; സുപ്രീം കോടതിയുടേത് ചരിത്രവിധി

രാജ്യത്തെ കാൽനടയാത്രക്കാർക്ക് റോഡരികിലെ നടപ്പാതകളിലൂടെ സുരക്ഷിതമായി നടക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശമാണെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചു. ജസ്റ്റിസുമാരായ പമിദിഘന്തം ശ്രീ നരസിംഹ, അതുൽ എസ്. ചന്ദ്വർക്കർ എന്നിവരടങ്ങിയ ബെഞ്ചാണ് രാജ്യത്തെ കാൽനടയാത്രക്കാരുടെ സുരക്ഷ മുൻനിർത്തി ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്. തമിഴ്‌നാട്ടിൽ നടപ്പാതയില്ലാത്ത റോഡിലൂടെ സ്കൂളിലേക്ക് നടന്നുപോയ അഞ്ചുവയസ്സുകാരൻ ടാങ്കർ ലോറിയിടിച്ച് മരിച്ച കേസ് പരിഗണിക്കവെയാണ് കോടതിയുടെ ഈ നിർണ്ണായക ഇടപെടലുണ്ടായത്.

 

 ന്യൂഡൽഹി : രാജ്യത്തെ കാൽനടയാത്രക്കാർക്ക് റോഡരികിലെ നടപ്പാതകളിലൂടെ സുരക്ഷിതമായി നടക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശമാണെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചു. ജസ്റ്റിസുമാരായ പമിദിഘന്തം ശ്രീ നരസിംഹ, അതുൽ എസ്. ചന്ദ്വർക്കർ എന്നിവരടങ്ങിയ ബെഞ്ചാണ് രാജ്യത്തെ കാൽനടയാത്രക്കാരുടെ സുരക്ഷ മുൻനിർത്തി ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്. തമിഴ്‌നാട്ടിൽ നടപ്പാതയില്ലാത്ത റോഡിലൂടെ സ്കൂളിലേക്ക് നടന്നുപോയ അഞ്ചുവയസ്സുകാരൻ ടാങ്കർ ലോറിയിടിച്ച് മരിച്ച കേസ് പരിഗണിക്കവെയാണ് കോടതിയുടെ ഈ നിർണ്ണായക ഇടപെടലുണ്ടായത്.

ഭരണഘടന ഉറപ്പുനൽകുന്ന സഞ്ചാര സ്വാതന്ത്ര്യം (Article 19(1)(d)), ജീവിക്കാനുള്ള അവകാശം (Article 21) എന്നിവയുടെ അവിഭാജ്യ ഭാഗമാണ് സുരക്ഷിതമായി നടക്കാനുള്ള അവകാശമെന്ന് കോടതി ചൂണ്ടിക്കാട്ടി. റോഡുകളിൽ വാഹനങ്ങൾക്കുള്ള മുൻഗണനയേക്കാൾ പ്രാഥമിക പരിഗണന നൽകേണ്ടത് കാൽനടയാത്രക്കാരുടെ അവകാശങ്ങൾക്കാണ്. അതുകൊണ്ടുതന്നെ, റോഡുകളുള്ള എല്ലാ പ്രദേശങ്ങളിലും കൃത്യമായി വേർതിരിച്ചതും സുരക്ഷിതവുമായ നടപ്പാതകൾ നിർമ്മിക്കാനും അത് കൃത്യമായി പരിപാലിക്കാനും മുൻസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ, പഞ്ചായത്തുകൾ തുടങ്ങിയ തദ്ദേശ സ്ഥാപനങ്ങൾക്ക് നിയമപരമായ ബാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി.

നടപ്പാതകൾ ഇല്ലാത്തതിനാലോ അവ കൃത്യമായി പരിപാലിക്കപ്പെടാത്തതിനാലോ പൗരന്മാരുടെ അവകാശങ്ങൾ ലംഘിക്കപ്പെട്ടാൽ തദ്ദേശ സ്ഥാപനങ്ങൾക്കെതിരെ ഇനിമുതൽ കോടതിയെ സമീപിക്കാൻ നിയമപരമായ അനുവാദമുണ്ടാകും. മോട്ടോർ വാഹന നിയമപ്രകാരമുള്ള നഷ്ടപരിഹാരത്തിന് പുറമെയാണിത്. കൂടാതെ, നടപ്പാതകളുടെ നിർമ്മാണവും ലംഘനങ്ങളും കൃത്യമായി നിരീക്ഷിക്കുന്നതിനായി ഒരു സ്വതന്ത്ര റെഗുലേറ്ററി ബോഡി രൂപീകരിക്കാൻ സഹായിക്കുന്ന ദേശീയ നിയമനിർമ്മാണത്തെക്കുറിച്ച് ഗൗരവമായി ആലോചിക്കാൻ സുപ്രീം കോടതി കേന്ദ്ര മന്ത്രാലയങ്ങളോടും ലോ കമ്മീഷനോടും ആവശ്യപ്പെട്ടിട്ടുണ്ട്.

അഞ്ചുവയസ്സുകാരന്റെ മരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി കുറച്ചുനൽകിയ നഷ്ടപരിഹാര തുക തള്ളിക്കൊണ്ട് സുപ്രീം കോടതി കുട്ടിക്ക് 11,44,628 രൂപ നഷ്ടപരിഹാരം അനുവദിച്ച് ഉത്തരവിട്ടു. വിഷയത്തിന്റെ ഗൗരവവും പൊതുപ്രാധാന്യവും കണക്കിലെടുത്ത്, ഈ കേസിനെ ഒരു പൊതുതാത്പര്യ ഹർജിയായി മാറ്റി തുടർനടപടികൾക്കായി കോടതി സ്വമേധയാ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. രാജ്യത്തെ റോഡ് സുരക്ഷാ രംഗത്തും നഗരാസൂത്രണത്തിലും വലിയ മാറ്റങ്ങൾക്ക് വഴിതുറക്കുന്നതാണ് സുപ്രീം കോടതിയുടെ ഈ ചരിത്രവിധി.