റോഡില്‍ കുഴഞ്ഞുവീണയാളുടെ ഫോണ്‍ മോഷ്ടിച്ച് വഴിയാത്രക്കാരൻ; ചികിത്സ ലഭിക്കാതെ റോഡില്‍ കിടന്ന് മരിച്ച് അജ്ഞാതൻ
റോഡില്‍ കുഴഞ്ഞുവീണയാളെ സഹായിക്കാതെ അയാളുടെ പക്കല്‍ നിന്ന് ഫോണ്‍ അടക്കമുള്ളവ മോഷ്ടിച്ച് വഴിയാത്രക്കാരൻ.ഡല്‍ഹിയിലെ രണ്‍ഹോലയിലെ വികാസ് നഗറില്‍ ശനിയാഴ്ച പുലർച്ചെ നാലോടെയാണ് സംഭവം.
വീണുകിടക്കുന്നയാള്‍ മദ്യപിച്ചിരിക്കുകയാണെന്ന് കരുതി സ്കൂട്ടറിന് പിന്നിലിരുന്നയാള്‍ ആദ്യം ഫോണ്‍ എടുത്തു. പിന്നീട് തിരിച്ചെത്തി ഇയാളുടെ പോക്കറ്റുകള്‍ പരിശോധിച്ചെങ്കിലും ഒന്നും കിട്ടിയില്ലെന്നാണ് പോലീസ് പറയുന്നത്
ന്യൂ ഡല്‍ഹി: റോഡില്‍ കുഴഞ്ഞുവീണയാളെ സഹായിക്കാതെ അയാളുടെ പക്കല്‍ നിന്ന് ഫോണ്‍ അടക്കമുള്ളവ മോഷ്ടിച്ച് വഴിയാത്രക്കാരൻ.ഡല്‍ഹിയിലെ രണ്‍ഹോലയിലെ വികാസ് നഗറില്‍ ശനിയാഴ്ച പുലർച്ചെ നാലോടെയാണ് സംഭവം. റോഡില്‍ കുഴഞ്ഞുവീണയാളുടെ പക്കല്‍നിന്ന് സ്കൂട്ടറിലെത്തിയ രണ്ട് പേർ മൊബൈല്‍ ഫോണ്‍ അടക്കം മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യം പുറത്ത് വന്നതോടെയാണ് സംഭവം പുറത്തറിയുന്നത്.
കുഴഞ്ഞുവീണയാള്‍ കൃത്യസമയത്ത് ചികിത്സ ലഭിക്കാതെ റോഡില്‍ കിടന്ന് മരിക്കുകയും ചെയ്തു. ഹൃദയാഘാതമാണോ അപസ്മാരമാരമാണോ ഇയാള്‍ കുഴഞ്ഞ് വീഴാൻ കാരണമായതെന്ന് പോസ്റ്റുമോർട്ടത്തില്‍ വ്യക്തമാകുമെന്ന നിരീക്ഷണത്തിലാണ് പോലീസ്. മരണപ്പെട്ടയാളെ ഇനിയും തിരിച്ചറിയാൻ സാധിച്ചിട്ടില്ല.
വീണുകിടക്കുന്നയാള്‍ മദ്യപിച്ചിരിക്കുകയാണെന്ന് കരുതി സ്കൂട്ടറിന് പിന്നിലിരുന്നയാള്‍ ആദ്യം ഫോണ്‍ എടുത്തു. പിന്നീട് തിരിച്ചെത്തി ഇയാളുടെ പോക്കറ്റുകള്‍ പരിശോധിച്ചെങ്കിലും ഒന്നും കിട്ടിയില്ലെന്നാണ് പോലീസ് പറയുന്നത്. ഇതിനിടെ അടുത്തുള്ള സിസിടിവി ശ്രദ്ധയില്‍പ്പെട്ട ഇവർ പരിഭ്രാന്തരായി സ്കൂട്ടറില്‍ കയറി രക്ഷപ്പെടുകയായിരുന്നു.
നാല് മണിക്കൂറോളം ബോധരഹിതനായി റോഡില്‍ കിടന്ന ഇയാളെ അതുവഴി പോയവരെല്ലാം അവഗണിച്ചു. രാവിലെ എട്ടോടെ മൃതദേഹം കണ്ട് നാട്ടുകാർ പോലീസില്‍ വിവരമറിയിച്ചപ്പോഴേക്കും അയാള്‍ മരിച്ചിരുന്നു. സംഭവത്തില്‍ മോഷണത്തിന് കേസെടുത്തതായി പോലീസ് പറഞ്ഞു.