പിതൃത്വ അവധി സാമൂഹിക സുരക്ഷാ ആനുകൂല്യമായി അംഗീകരിച്ച് വ്യവസ്ഥ ചെയ്യണം : സുപ്രീംകോടതി
ന്യൂഡൽഹി: പിതൃത്വ അവധി സാമൂഹിക സുരക്ഷാ ആനുകൂല്യമായി അംഗീകരിച്ച് വ്യവസ്ഥ ചെയ്യണമെന്ന് സുപ്രീംകോടതി. കുട്ടിയെ ദത്തെടുക്കുന്ന അമ്മമാരുടെ മെറ്റേണിറ്റി അവധി സംബന്ധിച്ച ഹരജി പരിഗണിക്കവേയാണ് പിതൃത്വ അവധിയും വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.
ദത്തെടുക്കുന്ന കുട്ടിക്ക് പ്രായം മൂന്ന് മാസത്തിൽ താഴെയാണെങ്കിൽ മാത്രം അമ്മക്ക് 12 ആഴ്ചത്തെ അവധി അനുവദിക്കുന്ന സാമൂഹിക സുരക്ഷാ ചട്ടത്തിലെ വ്യവസ്ഥ സുപ്രീംകോടതി റദ്ദാക്കി. ദത്തെടുക്കൽ പ്രത്യുൽപാദന സ്വയാധികാര അവകാശത്തിന്റെ ഭാഗമാണെന്ന് കോടതി നിരീക്ഷിച്ചു. ദത്തെടുക്കുന്ന കുട്ടിയുടെ പ്രായം എന്തായിരുന്നാലും ദത്തെടുക്കുന്ന അമ്മക്ക് 12 ആഴ്ചത്തെ മെറ്റേണിറ്റി അവധിക്ക് അവകാശമുണ്ടെന്ന് ജസ്റ്റിസുമാരായ ജെ.ബി. പർദിവാലയും ആർ. മഹാദേവനും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.
ദത്തെടുക്കുന്ന കുട്ടിക്ക് പ്രായം മൂന്ന് മാസത്തിൽ താഴെയാണെങ്കിൽ മാത്രം അമ്മക്ക് 12 ആഴ്ചത്തെ അവധി അനുവദിക്കുന്ന സാമൂഹിക സുരക്ഷാ ചട്ടത്തിലെ വകുപ്പ് 60 (4) ചോദ്യം ചെയ്ത് അഭിഭാഷക ഹംസാനന്ദിനി നന്ദൂരി സമർപ്പിച്ച ഹരജിയിലാണ് ഉത്തരവ്.