ട്രെയിനിന് തീപിടിച്ചെന്ന വ്യാജ അഭ്യൂഹത്തെത്തുടർന്ന് പരിഭ്രാന്തരായി പാളത്തിലേക്ക് ചാടി യാത്രക്കാർ, മറ്റൊരു ട്രെയിൻ പാഞ്ഞുകയറി വൻ ദുരന്തം ; 4 മരണം

ട്രെയിനിന് തീപിടിച്ചെന്ന വ്യാജ അഭ്യൂഹത്തെത്തുടർന്ന് പരിഭ്രാന്തരായി പാളത്തിലേക്ക് ചാടിയ യാത്രക്കാർക്ക് മേൽ മറ്റൊരു എക്സ്പ്രസ് ട്രെയിൻ പാഞ്ഞുകയറി മധ്യപ്രദേശിൽ വൻ ദുരന്തം. മൊറീണ റെയിൽവേ സ്റ്റേഷന് സമീപം നടന്ന ദാരുണമായ

 

 ഭോപ്പാൽ : ട്രെയിനിന് തീപിടിച്ചെന്ന വ്യാജ അഭ്യൂഹത്തെത്തുടർന്ന് പരിഭ്രാന്തരായി പാളത്തിലേക്ക് ചാടിയ യാത്രക്കാർക്ക് മേൽ മറ്റൊരു എക്സ്പ്രസ് ട്രെയിൻ പാഞ്ഞുകയറി മധ്യപ്രദേശിൽ വൻ ദുരന്തം. മൊറീണ റെയിൽവേ സ്റ്റേഷന് സമീപം നടന്ന ദാരുണമായ അപകടത്തിൽ മൂന്ന് സ്ത്രീകളും ഒരു കുട്ടിയുമടക്കം നാല് പേർ മരണപ്പെട്ടു. ആഗ്ര സ്വദേശിയായ അഫ്രീൻ (35), ഇവരുടെ നാല് വയസ്സുകാരനായ മകൻ, ആഗ്ര സ്വദേശിനി തന്നെയായ ശകുന്തള (60), രാജസ്ഥാനിലെ ബികാനർ സ്വദേശിനി വിർമ ദേവി (60) എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അപകടത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ഖജുരാഹോയിൽ നിന്നും ഉദയ്‌പുരിലേക്ക് സർവീസ് നടത്തുകയായിരുന്ന ഇന്റർസിറ്റി എക്‌സ്പ്രസിലാണ് യാത്രക്കാരെ പരിഭ്രാന്തിയിലാഴ്ത്തിയ വ്യാജ വാർത്ത പരന്നത്. ട്രെയിനിന് തീപിടിച്ചെന്ന രീതിയിൽ പെട്ടെന്ന് ബഹളമുണ്ടായതോടെ, ജീവൻ രക്ഷിക്കാനുള്ള വെപ്രാളത്തിൽ യാത്രക്കാർ ചങ്ങല വലിച്ച് വണ്ടി നിർത്തുകയും കൂട്ടത്തോടെ ട്രാക്കിലേക്ക് ചാടിയിറങ്ങുകയുമായിരുന്നു.

എന്നാൽ, ട്രെയിനിലെ ജനറൽ കോച്ചിൽ യാത്രക്കാരൻ അനാവശ്യമായി അലാറം ചെയിൻ വലിച്ചതിനെത്തുടർന്നാണ് വണ്ടി പെട്ടെന്ന് നിന്നതെന്നും, ട്രെയിനിൽ എവിടെയും തീപ്പിടിത്തം ഉണ്ടായിട്ടില്ലെന്നും റെയിൽവേ അധികൃതർ പിന്നീട് ഔദ്യോഗികമായി സ്ഥിരീകരിച്ചു.

അപകടത്തിൽ നിന്നും രക്ഷപ്പെട്ടെന്ന് കരുതി ട്രെയിനിൽ നിന്നും പുറത്തിറങ്ങിയ യാത്രക്കാർ ഒട്ടും പ്രതീക്ഷിക്കാതെയാണ് തൊട്ടടുത്ത ട്രാക്കിലേക്ക് മാറിനിന്നത്. എന്നാൽ ഈ സമയം ഇതേ ട്രാക്കിലൂടെ അതിവേഗത്തിൽ പാഞ്ഞു വന്ന ഫിറോസ്‌പുർ-സിയോണി പാതാൾകോട്ട് എക്സ്പ്രസ് ട്രാക്കിൽ നിന്നിരുന്നവർക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയുന്നതിന് മുൻപ് തന്നെ അതിവേഗത്തിലെത്തിയ ട്രെയിൻ യാത്രക്കാരെ ഇടിച്ചുതെറിപ്പിച്ചു.

വിഷയത്തിൽ റെയിൽവേ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അനാവശ്യമായി ചങ്ങല വലിച്ച യാത്രക്കാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ. പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവർക്ക് അടിയന്തര വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. നിലവിൽ നാല് മരണങ്ങളാണ് സ്ഥിരീകരിച്ചിട്ടുള്ളതെങ്കിലും, പരിക്കേറ്റ പലരുടെയും നില ഗുരുതരമായി തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.