വിമാനത്തില്‍ വെച്ച്‌ ചൂട് കറി വീണതിന് യാത്രക്കാരന് 25000 രൂപ നഷ്ടപരിഹാരം

ബാങ്കോക്കില്‍ നിന്നും ബെംഗളൂരുവിലേക്കുള്ള വിമാനയാത്രയ്ക്കിടെ യാത്രക്കാരന്റെ മേല്‍ ചൂടുള്ള കറി വീണ സംഭവത്തില്‍ വിമാനക്കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്.25,000 രൂപ നഷ്ടപരിഹാരം നല്‍കാനാണ് ബെംഗളൂരു അര്‍ബന്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവിട്ടിരിക്കുന്നത്.

 

സസ്യാഹാരിയായ തനിക്ക് മാംസാഹാരം ദേഹത്ത് വീണത് വലിയ മാനസിക വിഷമവും ശാരീരിക അസ്വസ്ഥതയും ഉണ്ടാക്കിയെന്ന് യാത്രക്കാരൻ പരാതിപ്പെട്ടു.

ബാങ്കോക്കില്‍ നിന്നും ബെംഗളൂരുവിലേക്കുള്ള വിമാനയാത്രയ്ക്കിടെ യാത്രക്കാരന്റെ മേല്‍ ചൂടുള്ള കറി വീണ സംഭവത്തില്‍ വിമാനക്കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്.25,000 രൂപ നഷ്ടപരിഹാരം നല്‍കാനാണ് ബെംഗളൂരു അര്‍ബന്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവിട്ടിരിക്കുന്നത്.

2024 മാർച്ച്‌ 5-നാണ് യാത്രക്കാരന് ഇൻഡിഗോ വിമാനത്തിനുള്ളില്‍ ദുരനുഭവമുണ്ടായത്. വിമാനം പറന്നുയര്‍ന്ന് 15 മിനിറ്റുകള്‍ക്ക് ശേഷം ഫ്ലൈറ്റ് അറ്റന്‍ഡന്റ് സീറ്റിന് മുകളിലെ കാബിന്‍ തുറന്നപ്പോഴാണ് മറ്റൊരു യാത്രക്കാരന്റേതെന്ന് കരുതുന്ന ചൂടുള്ള നോണ്‍-വെജിറ്റേറിയന്‍ കറി പാക്കറ്റ് പൊട്ടി താഴെ ഇരുന്ന യാത്രക്കാരന്റെ ദേഹത്തേക്ക് വീണത്. സസ്യാഹാരിയായ തനിക്ക് മാംസാഹാരം ദേഹത്ത് വീണത് വലിയ മാനസിക വിഷമവും ശാരീരിക അസ്വസ്ഥതയും ഉണ്ടാക്കിയെന്ന് യാത്രക്കാരൻ പരാതിപ്പെട്ടു.

കറി വീണതിനെത്തുടര്‍ന്ന് ബ്രാന്‍ഡഡ് വസ്ത്രങ്ങളും വാച്ചും മൊബൈല്‍ ഫോണും അടക്കമുള്ളവ കേടായതായും എട്ടു മണിക്കൂറോളം ദുര്‍ഗന്ധം സഹിച്ച്‌ യാത്ര ചെയ്യേണ്ടി വന്നത് വലിയ അപമാനത്തിന് കാരണമായതായും അദ്ദേഹം കോടതിയെ അറിയിച്ചു.

വിമാനക്കമ്പനി ആദ്യം 5,000 രൂപയുടെ യാത്രാ വൗച്ചര്‍ വാഗ്ദാനം ചെയ്‌തെങ്കിലും അത് സ്വീകരിക്കാന്‍ തയ്യാറാകാതെ അദ്ദേഹം നിയമനടപടിയുമായി മുന്നോട്ട് പോവുകയായിരുന്നു. വിമാനക്കമ്പനി ഇമെയിലിലൂടെയും ഫോണിലൂടെയും ഈ അബദ്ധം സമ്മതിച്ചിരുന്നതും കേസില്‍ നിർണ്ണായകമായി.

വിമാനം പറന്നുയര്‍ന്ന ഉടനെ കാബിനുകള്‍ ശ്രദ്ധയില്ലാതെ തുറക്കുന്നത് യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഇത് വിമാനക്കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ സേവന വീഴ്ചയാണെന്നും കമ്മീഷന്‍ നിരീക്ഷിച്ചു.

വസ്ത്രങ്ങള്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ക്ക് കൃത്യമായ തെളിവുകള്‍ ഹാജരാക്കാത്തതിനാല്‍ പ്രത്യേക തുക അനുവദിച്ചില്ലെങ്കിലും, സേവനത്തിലെ വീഴ്ചയ്ക്ക് നഷ്ടപരിഹാരമായി 20,000 രൂപയും കോടതി ചെലവുകള്‍ക്കായി 5,000 രൂപയും ഉള്‍പ്പെടെ ആകെ 25,000 രൂപ യാത്രക്കാരന് നല്‍കാൻ കോടതി വിധിച്ചു