ഡല്‍ഹിയില്‍ 'ഡ്രഗ് ക്വീന്‍പിന്‍' എന്നറിയപ്പെടുന്ന പാര്‍വതി അറസ്റ്റില്‍ ; വസതിയില്‍  56 ലക്ഷം രൂപയും ഒന്നരക്കോടി വിലയുള്ള മയക്കുമരുന്നും പിടിച്ചെടുത്തു

മയക്കുമരുന്ന് കടത്തിലൂടെ ലഭിച്ച പണം ഉപയോഗിച്ചാണ് പാര്‍വതി സ്വത്ത് സമ്പാദിച്ചതെന്നാണ് പൊലീസിന്റെ ആരോപണം. 

 

പരിശോധനയില്‍ 1.204 കിലോഗ്രാം ഹെറോയിന്‍ ഉള്‍പ്പെടെ ഒന്നരക്കോടി രൂപയിലധികം വിലമതിക്കുന്ന മയക്കുമരുന്ന് പിടിച്ചെടുത്തു.

ദില്ലിയില്‍ മയക്കുമരുന്ന് മാഫിയക്കെതിരെ വന്‍ നടപടി. 'ഡ്രഗ് ക്വീന്‍പിന്‍' എന്നറിയപ്പെടുന്ന പാര്‍വതി അറസ്റ്റില്‍. ഇവരുടെ വസതിയില്‍ നടത്തിയ പരിശോധനയില്‍ അന്‍പത്തിയാറ് ലക്ഷം രൂപയും സ്വര്‍ണവും ഉള്‍പ്പെടെ കണ്ടെത്തി.


ദില്ലി പൊലീസിന്റെ ഔട്ടര്‍ നോര്‍ത്ത് ജില്ലാ ആന്റി നാര്‍ക്കോട്ടിക്‌സ് സ്‌ക്വാഡിന് സെപ്റ്റംബര്‍ 23ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ബവാനയിലെ ന്യൂ സനോത്ത് കോളനിയിലെ വാടകവീട്ടില്‍ നടത്തിയ റെയ്ഡിലാണ് 42 വയസ്സുകാരിയായ പാര്‍വതിയെയും 30 വയസ്സുകാരനായ വികാസ് കുമാര്‍ എന്ന ഷാനുവിനെയും പിടികൂടിയത്. പാര്‍വതിക്കെതിരെ നേരത്തേ എന്‍ഡിപിഎസ് നിയമപ്രകാരവും എക്‌സൈസ് നിയമപ്രകാരവും 12 ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

പരിശോധനയില്‍ 1.204 കിലോഗ്രാം ഹെറോയിന്‍ ഉള്‍പ്പെടെ ഒന്നരക്കോടി രൂപയിലധികം വിലമതിക്കുന്ന മയക്കുമരുന്ന് പിടിച്ചെടുത്തു. പാര്‍വതിയുടെ വീട്ടില്‍ നടത്തിയ തുടര്‍പരിശോധനയില്‍ 56.69 ലക്ഷം രൂപയും 355 ഗ്രാം സ്വര്‍ണവും 161 ഗ്രാം വെള്ളിയും നാല് വസ്തുക്കളുടെ രജിസ്‌ട്രേഷന്‍ രേഖകളും കണ്ടെത്തി. രണ്ട് കാറുകളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. ഇതോടെ കേസില്‍ പിടിച്ചെടുത്ത പണത്തിന്റെ ആകെ തുക 64.62 ലക്ഷം രൂപയായി.

മയക്കുമരുന്ന് കടത്തിലൂടെ ലഭിച്ച പണം ഉപയോഗിച്ചാണ് പാര്‍വതി സ്വത്ത് സമ്പാദിച്ചതെന്നാണ് പൊലീസിന്റെ ആരോപണം.