നരേന്ദ്ര മോദിയുടെ ഫേസ്ബുക് വിഡിയോ നീക്കം ചെയ്ത സംഭവം ; മെറ്റ പ്രതിനിധികളെ വിളിച്ചുവരുത്തി വിശദീകരണം തേടി പാർലമെന്റ് സമിതി 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫേസ്ബുക് വിഡിയോ നീക്കം ചെയ്ത സംഭവത്തിൽ മെറ്റ പ്രതിനിധികളെ പാർലമെന്റ് സമിതി വിളിച്ചുവരുത്തി വിശദീകരണം തേടി. ഇൻഫർമേഷൻ ടെക്നോളജി പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയാണ് തിങ്കളാഴ്ച മെറ്റ പ്രതിനിധികളിൽനിന്ന് വിശദീകരണം തേടിയത്.

 

 ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫേസ്ബുക് വിഡിയോ നീക്കം ചെയ്ത സംഭവത്തിൽ മെറ്റ പ്രതിനിധികളെ പാർലമെന്റ് സമിതി വിളിച്ചുവരുത്തി വിശദീകരണം തേടി. ഇൻഫർമേഷൻ ടെക്നോളജി പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയാണ് തിങ്കളാഴ്ച മെറ്റ പ്രതിനിധികളിൽനിന്ന് വിശദീകരണം തേടിയത്.

പോസ്റ്റ് നീക്കം ചെയ്യാൻ കാരണമായ സാങ്കേതിക പിഴവ്, ഉള്ളടക്ക നിയന്ത്രണ സംവിധാനം, അൽഗോരിതങ്ങളുടെ പ്രവർത്തനം, രാഷ്ട്രീയ പക്ഷപാതമെന്ന ആരോപണം എന്നിവയെക്കുറിച്ചാണ് സമിതി ചോദ്യം ചെയ്തത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക അക്കൗണ്ടിൽ പ്രസിദ്ധീകരിച്ച വീഡിയോ ഏതാനും സമയത്തേക്ക് നീക്കം ചെയ്യപ്പെട്ടത് എങ്ങനെയാണെന്നും, പിന്നീട് അത് എങ്ങനെ പുനഃസ്ഥാപിച്ചുവെന്നും സമിതി ആരാഞ്ഞു. മോദിയുടെ ഫേസ്ബുക് വിഡിയോക്ക് ഏർപ്പെടുത്തിയ നിയന്ത്രണത്തിന് ക്ഷമാപണം നടത്താൻ തയാറാണെന്ന് മെറ്റ പാർലമെന്ററി പാനലിനോട് പറഞ്ഞു.

അതേസമയം, സംഭവം മാനുഷിക പിഴവോ സാങ്കേതിക തകരാറോ മൂലമാണ് ഉണ്ടായതെന്നും രാഷ്ട്രീയ ഉദ്ദേശ്യം അതിന് പിന്നിലില്ലെന്നും മെറ്റ അറിയിച്ചു. പിഴവ് തിരിച്ചറിഞ്ഞ ഉടൻ വീഡിയോ പുനഃസ്ഥാപിക്കുകയും സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് മാപ്പ് പറയുകയും ചെയ്തതായി മെറ്റ സമിതിയെ അറിയിച്ചു.

‘യഥാർഥ’ ഉള്ളടക്കം നീക്കം ചെയ്യുമ്പോൾ, അശ്ലീലസാഹിത്യം ഉൾപ്പെടെ ആക്ഷേപകരമായ ഉള്ളടക്കം ആക്‌സസ് ചെയ്യാൻ കഴിയുന്നതായി സമിതി ആശങ്കകൾ ഉന്നയിച്ചു. ഇതിന്റെ ആത്യന്തിക ഉത്തരവാദിത്തം ആരാണ് വഹിക്കുന്നതെന്നും സമിതി ആരാഞ്ഞു.

മെറ്റയുടെ അൽഗോരിതങ്ങളും കണ്ടന്റ് മോഡറേഷൻ സംവിധാനവും രാഷ്ട്രീയപരമായി നിഷ്പക്ഷമാണോ എന്ന ചോദ്യം ചില അംഗങ്ങൾ ഉന്നയിച്ചു. പ്രധാനപ്പെട്ട പൊതുപ്രതിനിധികളുടെ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട ഉള്ളടക്കം എങ്ങനെ കൈകാര്യം ചെയ്യുന്നു, തെറ്റായ നീക്കങ്ങൾ ആവർത്തിക്കാതിരിക്കാൻ എന്തെല്ലാം സുരക്ഷാ സംവിധാനങ്ങളാണ് നിലവിലുള്ളത് തുടങ്ങിയ കാര്യങ്ങളിലും വിശദീകരണം തേടി.

പ്രധാനമന്ത്രി വിദ്യാർഥികളെ അഭിം​സംബോധന ചെയ്യുന്ന വീഡിയോ നീക്കം ചെയ്ത സംഭവത്തിന് പിന്നാലെ കേന്ദ്ര സർക്കാർ മെറ്റയോട് വിശദീകരണം തേടിയിരുന്നു. തുടർന്ന് കമ്പനി ഔദ്യോഗികമായി ക്ഷമാപണം നടത്തുകയും വീഡിയോ പുനഃസ്ഥാപിക്കുകയും ചെയ്തു. അതിന് പിന്നാലെയാണ് വിഷയം പാർലമെന്ററി സമിതിയുടെ പരിഗണനക്ക് എത്തിയത്. ബി.ജെ.പി എം.പി നിഷികാന്ത് ദുബെയുടെ അധ്യക്ഷതയിലായിരുന്നു കൂടിക്കാഴ്ച. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ, മെറ്റിവൈ സെക്രട്ടറി എസ്. കൃഷ്ണൻ, മെറ്റ, ഗൂഗ്ൾ, എക്സ്, സ്നാപ്ചാറ്റ്, യൂട്യൂബ് തുടങ്ങിയവയുടെ പ്രതിനിധികൾ എന്നിവരും പങ്കെടുത്തു.