പാർലമെന്റിന്റെ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം സുഖകരമായ നടപടിയല്ല ; രാജ്യം ബുദ്ധിമുട്ടുമെന്ന് ഗീത ഗോപിനാഥ്
പാർലമെന്റിന്റെ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം തെരഞ്ഞെടുപ്പ് ചെലവുകൾ കുറയ്ക്കുമെങ്കിലും തെരഞ്ഞെടുപ്പ് ഉപകരണങ്ങൾ എത്തിക്കുക എന്നതും ജീവനക്കാരെ വിന്യസിക്കുക എന്നതും രാജ്യത്തിന്
ന്യൂഡൽഹി : പാർലമെന്റിന്റെ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം തെരഞ്ഞെടുപ്പ് ചെലവുകൾ കുറയ്ക്കുമെങ്കിലും തെരഞ്ഞെടുപ്പ് ഉപകരണങ്ങൾ എത്തിക്കുക എന്നതും ജീവനക്കാരെ വിന്യസിക്കുക എന്നതും രാജ്യത്തിന് താങ്ങാനാവാത്ത ബാധ്യതയായിരിക്കും ഉണ്ടാക്കുകയെന്ന് ലോകപ്രശസ്ത സാമ്പത്തിക വിദഗ്ധയും മലയാളിയുമായ ഗീത ഗോപിനാഥ് പറഞ്ഞു.
ഒന്നിലേറെ തെരഞ്ഞെടുപ്പുകൾ ഒരേ സമയം നടത്തുമ്പോൾ ചെലവഴിക്കേണ്ടി വരുന്ന പണത്തിന്റെ കാര്യം കണക്കാക്കാൻ കഴിയാത്തതാണ്. മറ്റ് അനുബന്ധ സംവിധാനങ്ങൾ ഒരുക്കുക എന്നതും അതീവഗുരുതരമായ പ്രതിസന്ധിയാകും സൃഷ്ടിക്കുക. ഇത്തരത്തിലൊരു പരീക്ഷണം കഴിഞ്ഞവർഷം ഇന്റൊനേഷ്യ നടപ്പാക്കിയിരുന്നു. അന്ന് അവർക്ക് വന്നത് അതീവ ഗുരുതരമായ സാമ്പത്തിക ബാധ്യതയായിരുന്നു. ഒപ്പം അനുബന്ധ സംവിധാനങ്ങൾ ഒരുക്കുന്നതിനായി രാജ്യം വളരെയധികം ബുദ്ധിമുട്ടി.
നിലവിൽ ഇങ്ങനെയൊരു തെരഞ്ഞെടുപ്പ് സംവിധാനത്തിനായി കാത്തിരിക്കുന്ന സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശ്, ഒഡീഷ, അരുണാചൽ പ്രദേശ്, സിക്കിം എന്നിവയുടെ തെരഞ്ഞെടുപ്പ് സംവിധാനങ്ങൾ വീക്ഷിച്ചശേഷം അതു മനസിലാക്കി തീരുമാനമെടുക്കുന്നതായിരിക്കും നല്ലതെന്ന് അവർ ഉപദേശവും നൽകുന്നു.
ജോയിന്റ് പാർലമെന്റ് കമ്മിറ്റിക്ക് എഴുതി നൽകിയ സാമ്പത്തിക ഉപദേശത്തിലാണ് ഗീത ഗോപിനാഥ് ഇതു പറഞ്ഞത്. അസാധാരണമായി ബുദ്ധിമുട്ടാകുന്ന സ്റ്റാഫ് സംവിധാനമായിരുന്നു ഇന്റൊനേഷ്യക്ക് നേരിടേണ്ടി വന്നത്. ഇതോടെ ഇത് ഇനി തുടരേണ്ടതില്ലെന്നും 2029 ലെ തെരഞ്ഞെടുപ്പ് പ്രത്യേകം നടപ്പാക്കിയാൽ മതിയെന്നും അവിടത്തെ കോടതിക്ക് നിർദ്ദേശിക്കേണ്ടിയും വന്നു.
ഇന്ത്യയുടെ ഭൂമിശാസ്ത്രവും ഭരണസംവിധാനവും നിലവിലുള്ള വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നതിലെ പല തരത്തിലുള്ള ബുദ്ധിമുട്ടുകളും കണക്കിലെടുക്കുമ്പോൾ തെരഞ്ഞെടുപ്പ് സാമഗ്രികളും ഉദ്യോഗസ്ഥവിന്യാസവുമൊക്കെ സൃഷ്ടിക്കാവുന്ന അനിശ്ചിതാവസ്ഥ പ്രതീക്ഷിക്കുന്നതിനേക്കാൾ വലുതായിരിക്കുമെന്ന് ഗീത ഗോപിനാഥ് കണക്കാക്കുന്നു.
പെട്ടെന്നുണ്ടാകുന്ന മാറ്റത്തിൽ വളരെ ദൂരവ്യാപകമായ സാമ്പത്തിക ഭദ്രതയും കൈവരിക്കേണ്ടതുണ്ടെന്ന് സാമ്പത്തിക വിദഗ്ധ ചൂണ്ടിക്കാട്ടുന്നു. തന്നെയുമല്ല സവിശേഷമായ രാഷ്ട്രീയ, ഭരണഘടനാപരമായ ചോദ്യങ്ങൾ ഉയരുകയും ഫെഡറലിസത്തിന്റെ നിലനിൽപ്പിലും അധികാര സമത്വത്തിന്റെ കാര്യത്തിലും ഇത് ചോദ്യചിഹ്നമാകുമെന്നും ഗീത പറയുന്നു.
തെരഞ്ഞെടുപ്പിന് മുമ്പുള്ള അനിശ്ചിതത്വം സാമ്പത്തിക മാന്ദ്യത്തിന് വഴിവെക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നതായി അവർ പറഞ്ഞു. കാരണം തെരഞ്ഞെടുപ്പ് നടക്കുന്ന വർഷം രാജ്യങ്ങളിലേക്ക് വിദേശ നിക്ഷേപം അന്തർദേശീയ സ്ഥാപനങ്ങൾ നിർത്തിവെക്കാറുണ്ട്. ഇന്ത്യയിൽ പെരുമാറ്റച്ചട്ടം നിലവിലുള്ളതുകൊണ്ടുതന്നെ അത് സാധാരണവുമാണ്.
സ്ഥാപനങ്ങളെയും മന്ത്രാലയങ്ങളെയും സംബന്ധിച്ച് അനിശ്ചിതത്വം നിലവിൽ വരും. ഇടക്കിടെ തെരഞ്ഞെടുപ്പ് വരുമ്പോൾ ഇടക്കാലങ്ങളിൽ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള സാമ്പത്തിക വളർച്ച ഗുണകരമാകുമെന്നും ഗീത ഗോപിനാഥ് വ്യക്തമാക്കുന്നു.