യുവതിയെ കാണാതായതിന് പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവർ കെട്ടിയിട്ട് തല്ലി; മൈസൂരിൽ യുവാവ് ജീവനൊടുക്കി
മൈസൂരു: മൈസൂരിൽ യുവതിയെ കാണാതായതിനെച്ചൊല്ലി ബന്ധുക്കളും പഞ്ചായത്ത് പ്രസിഡന്റും ചേർന്ന് കെട്ടിയിട്ടു തല്ലിയ യുവാവ് ജീവനൊടുക്കി. ടി. നരസിപുര താലൂക്കിലെ ബന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ബി. സീഹള്ളി ഗ്രാമത്തിലാണ് സംഭവം. ബി. സീഹള്ളിയിലെ ജയരാമുവിന്റെയും മഞ്ജുളയുടെയും മകനായ നാഗേന്ദ്രയാണ് (23) വീട്ടിലെ പശുത്തൊഴുത്തിൽ തൂങ്ങിമരിച്ചത്.
നാഗേന്ദ്ര പ്രണയിച്ചിരുന്ന പെൺകുട്ടിയെ ക്രിസ്മസ് ദിവസംമുതൽ കാണാതായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ ഡിസംബർ 26-ന് ബന്നൂർ പോലീസിൽ പരാതിനൽകി. ഇതിനിടെ ഞായറാഴ്ച പെൺകുട്ടിയുടെ മാതാപിതാക്കൾ നാഗേന്ദ്രയുടെ വീട്ടിലെത്തി മകളെ അന്വേഷിച്ചു. മകൾ, അവിടെയില്ലെന്നു മനസ്സിലാക്കിയ അവർ മടങ്ങിപ്പോയി. തുടർന്ന് വൈകീട്ട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജയ്കുമാറും മഞ്ജു എന്ന മറ്റൊരാളും നാഗേന്ദ്രയുടെ വീട്ടിലെത്തി. അദ്ദേഹത്തെ മോട്ടോർ സൈക്കിളിൽ കയറ്റി ജയ്കുമാറിന്റെ ഉടമസ്ഥതയിലുള്ള ഫാം ഹൗസിലെത്തിച്ചു.
അവിടെവെച്ച് ഇരുവരും പെൺകുട്ടിയുടെ അമ്മയും ബന്ധുക്കളും ചേർന്ന് നാഗേന്ദ്രയുടെ കൈകാലുകൾ കെട്ടിയിട്ട് മർദിച്ചതായി മാതാവ് മഞ്ജുള പോലീസിൽ പരാതിനൽകി.കൂടാതെ മകന്റെ രണ്ടുഫോണുകളും ഇവർ പിടിച്ചുവാങ്ങിയതായും പറഞ്ഞു. പെൺകുട്ടിയെ കണ്ടെത്താൻ പരാതിനൽകിയിട്ടുണ്ട്.
മകനെ ആക്രമിക്കുന്നത് നിർത്തണമെന്ന് പറഞ്ഞപ്പോൾ, തങ്ങൾ ഗ്രാമനേതാക്കളാണെന്നും പ്രശ്നം പരിഹരിക്കുമെന്നും ജയ്കുമാറും മഞ്ജുവും പറഞ്ഞതായി മഞ്ജുള പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. സംഭവം പുറത്തുപറഞ്ഞാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും ഗ്രാമം വിട്ടുപോകണമെന്നും ഇല്ലെങ്കിൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയതായും മഞ്ജുള പരാതിയിൽ പറഞ്ഞു. തുടർന്നാണ് നാഗേന്ദ്ര കടുത്ത തീരുമാനമെടുത്തത്.സംഭവത്തിൽ ബന്നൂർ പോലീസ് കേസെടുത്തു. കാണാതായ പെൺകുട്ടിക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.