ലോകത്തിൽ ഏറ്റവും കൂടുതൽ വായുമലിനീകരണമുള്ള രാജ്യം പാകിസ്താൻ

ലോകത്തിൽ ഏറ്റവും കൂടുതൽ വായുമലിനീകരണമുള്ള രാജ്യമായി പാകിസ്താൻ. സ്വിസ് എയർ ക്വാളിറ്റി മോണിറ്ററിങ് ഗ്രൂപ്പായ 'ഐ.ക്യു എയർ' പുറത്തുവിട്ട പുതിയ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബംഗ്ലാദേശും തജിക്കിസ്താനുമാണ് വായുമലിനീകരണത്തിന്റെ കാര്യത്തിൽ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്.

 

 ന്യൂഡൽഹി : ലോകത്തിൽ ഏറ്റവും കൂടുതൽ വായുമലിനീകരണമുള്ള രാജ്യമായി പാകിസ്താൻ. സ്വിസ് എയർ ക്വാളിറ്റി മോണിറ്ററിങ് ഗ്രൂപ്പായ 'ഐ.ക്യു എയർ' പുറത്തുവിട്ട പുതിയ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബംഗ്ലാദേശും തജിക്കിസ്താനുമാണ് വായുമലിനീകരണത്തിന്റെ കാര്യത്തിൽ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്.

ലോകാരോഗ്യ സംഘടന നിഷ്കർഷിച്ചിട്ടുള്ള സുരക്ഷിത പരിധിയായ 5 മൈക്രോഗ്രാമിൽ പി.എം 2.5 കണികകളുടെ അളവ് എത്രത്തോളമുണ്ട് എന്ന മാനദണ്ഡത്തിലാണ് പട്ടിക തയാറാക്കിയത്. ഈ അളവിന്റെ മാരകമായ 13 മടങ്ങ് അധികമാണ് പാകിസ്താനിലെ അന്തരീക്ഷത്തിലുള്ളതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതോടൊപ്പം പുറത്തുവിട്ട ഏറ്റവും മലിനമായ നഗരങ്ങളുടെ പട്ടികയിൽ ഇന്ത്യയിലെ ലോണിയാണ് ഒന്നാം സ്ഥാനത്ത്. 112.5 മൈക്രോഗ്രാം പി.എം 2.5 അളവ് മലിനീകരണമാണ് ലോണിയിലുള്ളത്. ചൈനയിലെ സിൻജിയാങ് പ്രവിശ്യയിലെ ഹോതൻ നഗരമാണ് (109.6 മൈക്രോഗ്രാം) തൊട്ടുപിന്നിൽ. ലോകത്തിലെ ഏറ്റവും മലിനമായ ആദ്യ 25 നഗരങ്ങളും ഇന്ത്യ, പാകിസ്താൻ, ചൈന എന്നീ രാജ്യങ്ങളിലാണെന്നതാണ് മറ്റൊരു ഞെട്ടിക്കുന്ന നിഗമനം.

സർവേയിൽ ഉൾപ്പെടുത്തിയ 143 രാജ്യങ്ങളിൽ 130ലും വായുനിലവാരം ഡബ്ല്യു.എച്ച്.ഒ നിഷ്കർഷിക്കുന്ന പരിധിയേക്കാൾ വളരെ താഴെയാണ്. ലോകത്തിലെ ആകെ നഗരങ്ങളിൽ വെറും 14 ശതമാനം മാത്രമാണ് സുരക്ഷിത വായുനിലവാരം പുലർത്തുന്നത്. മുൻവർഷം ഇത് 17 ശതമാനമായിരുന്നു. കൂടാതെ, ആസ്ട്രേലിയ, ഐലൻഡ്, എസ്തോണിയ, പനാമ ഉൾപ്പെടെ വെറും 13 രാജ്യങ്ങൾക്ക് മാത്രമാണ് ഡബ്ല്യു.എച്ച്.ഒ നിശ്ചയിച്ച സുരക്ഷിത മാനദണ്ഡത്തിന് താഴെ പി.എം 2.5 നിലനിർത്താനായത്. റിപ്പോർട്ട് പ്രകാരം ആഗോളതലത്തിൽ വായുനിലവാരം വൻതോതിൽ തകരുകയാണെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

മുൻവർഷങ്ങളിൽ വായുമലിനീകരണത്തിൽ മുന്നിലുണ്ടായിരുന്ന ആഫ്രിക്കൻ രാജ്യമായ ചാഡ് ഇത്തവണ നാലാം സ്ഥാനത്താണ്. എന്നാൽ, ഇത് മലിനീകരണം കുറഞ്ഞതുകൊണ്ടല്ല, മറിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമാകാത്തതുകൊണ്ടാണെന്ന് റിപ്പോർട്ട് തയാറാക്കിയ ക്രിസ്റ്റി ചെസ്റ്റർ ഷ്രോഡർ വ്യക്തമാക്കി.

കാനഡയിലുണ്ടായ വലിയ കാട്ടുതീ അമേരിക്കയിലെയും യൂറോപ്പിലെയും വായുനിലവാരത്തെ ദോഷകരമായി ബാധിച്ചതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. അതേസമയം, 'ലാ നിന' പ്രതിഭാസത്തെത്തുടർന്ന് ശക്തമായ കാറ്റും മഴയും ലഭിച്ചതിനാൽ ലാവോസ്, കംബോഡിയ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിൽ മലിനീകരണത്തിൽ കാര്യമായ കുറവുണ്ടായിട്ടുണ്ട്. മംഗോളിയയിൽ മലിനീകരണ തോത് 31 ശതമാനം കുറഞ്ഞ് 17.8 മൈക്രോഗ്രാമിലെത്തി. ആഗോളതലത്തിൽ 75 രാജ്യങ്ങളിൽ വായുനിലവാരം മെച്ചപ്പെട്ടപ്പോൾ 54 രാജ്യങ്ങളിൽ സ്ഥിതി കൂടുതൽ വഷളാവുകയാണ് ചെയ്തതെന്നും ഐ.ക്യു എയർ വ്യക്തമാക്കുന്നു.