ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ ഗ്രൂപ്പ് ഫോട്ടോയിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്രോപ്പ് ചെയ്ത് ഒഴിവാക്കി പാകിസ്ഥാൻ ; വ്യാപക വിമർശനത്തിന് പിന്നാലെ തിരുത്തി
കിർഗിസ്ഥാനിലെ ബിഷ്കെക്കിൽ സമാപിച്ച ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ ഗ്രൂപ്പ് ഫോട്ടോയിൽ നിന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയനെയും ക്രോപ്പ് ചെയ്ത് ഒഴിവാക്കി പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ ഓഫീസ് . ഓഗസ്റ്റ് 31, സെപ്റ്റംബർ 1 തീയതികളിൽ നടന്ന ഉച്ചകോടിക്ക് ശേഷം രാഷ്ട്രത്തലവന്മാർ ഒന്നിച്ചുള്ള ഫോട്ടോ പങ്കുവെച്ചപ്പോഴാണ് പാകിസ്ഥാന്റെ ഭാഗത്തുനിന്ന് ഈ അപക്വമായ നീക്കമുണ്ടായത്
ന്യൂഡൽഹി: കിർഗിസ്ഥാനിലെ ബിഷ്കെക്കിൽ സമാപിച്ച ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ ഗ്രൂപ്പ് ഫോട്ടോയിൽ നിന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയനെയും ക്രോപ്പ് ചെയ്ത് ഒഴിവാക്കി പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ ഓഫീസ് . ഓഗസ്റ്റ് 31, സെപ്റ്റംബർ 1 തീയതികളിൽ നടന്ന ഉച്ചകോടിക്ക് ശേഷം രാഷ്ട്രത്തലവന്മാർ ഒന്നിച്ചുള്ള ഫോട്ടോ പങ്കുവെച്ചപ്പോഴാണ് പാകിസ്ഥാന്റെ ഭാഗത്തുനിന്ന് ഈ അപക്വമായ നീക്കമുണ്ടായത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ സമൂഹമാധ്യമങ്ങളിൽ പാക് സർക്കാരിനെതിരെ വലിയ രീതിയിലുള്ള പരിഹാസങ്ങളും ട്രോളുകളുമാണ് ഉയർന്നത്.
ബിഷ്കെക്കിൽ നടന്ന എസ്സിഒ കൗൺസിൽ ഓഫ് ഹെഡ്സ് ഓഫ് സ്റ്റേറ്റ് ഉച്ചകോടിയിൽ പങ്കെടുത്ത രാഷ്ട്രത്തലവന്മാർക്കൊപ്പമുള്ള പ്രധാനമന്ത്രി മുഹമ്മദ് ഷഹബാസ് ഷെരീഫ് എന്ന അടിക്കുറിപ്പോടെയാണ് ചൊവ്വാഴ്ച പാകിസ്ഥാൻ പിഎംഒ ഈ ചിത്രം പങ്കുവെച്ചത്. എല്ലാ രാഷ്ട്രത്തലവന്മാരും ഒരുമിച്ച് നിന്ന ചിത്രത്തിന്റെ ഇരുവശങ്ങളും മുറിച്ചുമാറ്റിയാണ് പാകിസ്ഥാൻ തങ്ങളുടെ ഹാൻഡിലുകളിൽ പോസ്റ്റ് ചെയ്തത്. ഇതോടെ ചിത്രത്തിന്റെ ഒരു വശത്തുണ്ടായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറുവശത്തുണ്ടായിരുന്ന ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളും ചിത്രത്തിൽ നിന്ന് പുറത്തായി. അന്താരാഷ്ട്ര നയതന്ത്ര മര്യാദകൾ ലംഘിക്കുന്ന തരത്തിലുള്ള പാകിസ്ഥാന്റെ ഈ പ്രവൃത്തി വ്യാപക വിമർശനത്തിന് വഴിതെളിച്ചു.
ഉച്ചകോടിക്കെത്തിയ എല്ലാ നേതാക്കളും ഉൾപ്പെടുന്ന യഥാർഥ ചിത്രം മറ്റുള്ളവർ പങ്കുവെച്ചപ്പോൾ പാകിസ്ഥാൻ പിഎംഒ മാത്രം ചിത്രം എഡിറ്റ് ചെയ്ത് നൽകിയതിലെ അപാകത ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. വിഷയം നയതന്ത്ര നാണക്കേടായി മാറിയതോടെ മണിക്കൂറുകൾക്കകം പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് തന്റെ വ്യക്തിഗത എക്സ് ഹാൻഡിലിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള എല്ലാ രാഷ്ട്രത്തലവന്മാരുമുള്ള പൂർണ്ണമായ ഗ്രൂപ്പ് ഫോട്ടോ പങ്കുവെച്ച് മുഖം രക്ഷിക്കാൻ ശ്രമിച്ചു. ലോകനേതാക്കൾക്കൊപ്പമുള്ള പൂർണ്ണ ചിത്രം പ്രധാനമന്ത്രി നരേന്ദ്ര മോദിയും തന്റെ ഔദ്യോഗിക എക്സ് ഹാൻഡിൽ വഴി പങ്കുവെച്ചിട്ടുണ്ട്.