പാകിസ്താന് വേണ്ടി ചാരവൃത്തി : ഓപറേഷൻ ഫയർവാളിന്റെ ഭാഗമായി രണ്ട് ബിഹാർ സ്വദേശികൾ കൂടി അറസ്റ്റിൽ 

ഇന്ത്യൻ നാവികസേനയെ ലക്ഷ്യമിട്ട പാകിസ്താൻ ചാര ശൃംഖല തകർക്കാനുള്ള ദൗത്യമായ ഓപറേഷൻ ഫയർവാളിന്റെ ഭാഗമായി രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്തു. പാക് ചാരശൃംഖലക്ക് ഇന്ത്യൻ സിം കാർഡുകൾ ഉപയോഗിച്ച് വാട്സ്ആപ് അക്കൗണ്ടുകൾ സജീവമാക്കാൻ സഹായിച്ചെന്ന ആരോപണത്തിൽ ബിഹാർ സ്വദേശികളായ രാജ കുമാർ, ആദിത്യകുമാർ പാണ്ഡെ എന്നിവരെയാണ് ആന്ധ്രപ്രദേശ് കൗണ്ടർ ഇന്റലിജൻസ് സെൽ ബിഹാറിൽനിന്ന് അറസ്റ്റ് ചെയ്തത്.

 

 അമരാവതി: ഇന്ത്യൻ നാവികസേനയെ ലക്ഷ്യമിട്ട പാകിസ്താൻ ചാര ശൃംഖല തകർക്കാനുള്ള ദൗത്യമായ ഓപറേഷൻ ഫയർവാളിന്റെ ഭാഗമായി രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്തു. പാക് ചാരശൃംഖലക്ക് ഇന്ത്യൻ സിം കാർഡുകൾ ഉപയോഗിച്ച് വാട്സ്ആപ് അക്കൗണ്ടുകൾ സജീവമാക്കാൻ സഹായിച്ചെന്ന ആരോപണത്തിൽ ബിഹാർ സ്വദേശികളായ രാജ കുമാർ, ആദിത്യകുമാർ പാണ്ഡെ എന്നിവരെയാണ് ആന്ധ്രപ്രദേശ് കൗണ്ടർ ഇന്റലിജൻസ് സെൽ ബിഹാറിൽനിന്ന് അറസ്റ്റ് ചെയ്തത്.

ബിഹാറിലെ രക്സൗൾ സ്വദേശികളായ രണ്ടുപേരെയും ബുധനാഴ്ച വിജയവാഡയിലെ ബന്ധപ്പെട്ട കോടതിയിൽ ഹാജരാക്കി നവംബർ പത്തുവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. നേപ്പാൾ വഴിയാണ് ഇടപാട് കൈകാര്യം ചെയ്തത്. പണം സ്വീകരിക്കാൻ മറ്റൊരു വ്യക്തിയുടെ പേരിൽ സജ്ജമാക്കിയ ബാങ്ക് അക്കൗണ്ടിൽ വൻ തുക നിക്ഷേപിക്കപ്പെട്ടതായി അന്വേഷണത്തിൽ കണ്ടെത്തി. വസീം, സുൽത്താൻ, നയീം എന്നീ പാക് ഏജന്റുമാരുമായി എൻക്രിപ്റ്റഡ് പ്ലാറ്റ്ഫോമുകൾ വഴി ആശയവിനിമയം നടത്തിയതായും കണ്ടെത്തി.

നാവിക, പ്രതിരോധ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുള്ള ചാരവൃത്തി സംബന്ധിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ആന്ധ്രപ്രദേശ് കൗണ്ടർ ഇന്റലിജൻസ് സെൽ സെപ്റ്റംബർ രണ്ടിനാണ് കേസ് രജിസ്റ്റർ ചെയ്തത്. സോണി/സോണി ക്വീൻ എന്ന പേരിൽ പ്രവർത്തിച്ച പാക് ചാരൻ കിഴക്കൻ നാവിക കമാൻഡിന്റെ യുദ്ധക്കപ്പലുകളെയും അന്തർവാഹിനികളെയും കുറിച്ചുള്ള രഹസ്യ വിവരങ്ങൾ കൈക്കലാക്കിയെന്ന് അന്വേഷണ സംഘം പറയുന്നു.

വിശാഖപട്ടണത്തെ നാവികസേനയിലെ സിവിൽ കരാർ ഡ്രൈവറായ അന്നം സായ് വരപ്രസാദ്, നാവികനായ പ്രദീപ് മുഖർജി എന്നിവർ വഴിയാണ് തന്ത്രപ്രധാന വിവരങ്ങൾ കൈക്കലാക്കിയത്. നേരത്തെ അറസ്റ്റിലായ ഇരുവരും നിലവിൽ വിജയവാഡ ജില്ല ജയിലിലാണുള്ളത്. ഹണിട്രാപ്പിൽ കുടുങ്ങിയാണ് പ്രദീപ് മുഖർജി പാക് ഏജന്റിന് വിവരങ്ങൾ നൽകിയതെന്നാണ് കരുതുന്നത്. കേസിൽ 13 നാവികരടക്കം 18 പേർ നിരീക്ഷണത്തിലാണ്.