തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റം രാഷ്ട്രപിതാവിനെ വീണ്ടും വധിക്കുന്നതിന് തുല്യം ; പി. ചിദംബരം
ന്യൂഡൽഹി : മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റാനുള്ള നീക്കം രാഷ്ട്രപിതാവിനെ രണ്ടാമതും വധിക്കുന്നതിന് തുല്യമാണെന്ന് മുൻ കേന്ദ്രമന്ത്രി പി. ചിദംബരം. ജവാഹർലാൽ നെഹ്‌റുവിനെ നിരന്തരം വിമർശിച്ചവർ ഇപ്പോൾ മഹാത്മാഗാന്ധിയെ ലക്ഷ്യമിടുകയാണെന്ന് എൻഡിടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ സ്മരണയിൽ നിന്നും ഹൃദയത്തിൽ നിന്നും ഗാന്ധിജി എന്ന പേര് മായ്ച്ചുകളയാനുള്ള ബോധപൂർവ്വമായ ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഗാന്ധിജിയെക്കുറിച്ച് വരുംതലമുറ അറിയരുത് എന്നതാണ് ഭരണകൂടത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പേരുമാറ്റത്തിന് പിന്നിലെ ഭാഷാപരമായ വിവേചനത്തെയും ചിദംബരം ശക്തമായി എതിർത്തു. ഭരണഘടനയനുസരിച്ച് ഹിന്ദിയും ഇംഗ്ലീഷും ഔദ്യോഗിക ഭാഷകളാണെന്നിരിക്കെ, ബില്ലുകൾക്ക് ഹിന്ദി പേര് മാത്രം നൽകുന്നത് ശരിയല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജി. റാം ജി (G. Ram Ji) പോലുള്ള പേരുകൾ ഇതിന് ഉദാഹരണമാണ്. ഇന്ത്യയിലെ 50 മുതൽ 55 ശതമാനം വരെ ആളുകൾ ഹിന്ദി സംസാരിക്കുകയോ എഴുതുകയോ ചെയ്യാത്തവരാണെന്നും, ബില്ലുകളുടെ ഇംഗ്ലീഷ് ശീർഷകങ്ങൾ ഒഴിവാക്കുന്നത് ഇവരോടുള്ള അവഹേളനമാണെന്നും അദ്ദേഹം പറഞ്ഞു. ഭാഷാപരമായ ഈ വിഭജനം ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
പദ്ധതിയുടെ പേര് മാറ്റുക മാത്രമല്ല, അതിന്റെ അന്തഃസത്ത തന്നെ നശിപ്പിക്കാനാണ് പുതിയ ബില്ലിലൂടെ ശ്രമിക്കുന്നതെന്നും ചിദംബരം ആരോപിച്ചു. 2004-2005 കാലഘട്ടത്തിൽ യുപിഎ സർക്കാർ വിഭാവനം ചെയ്തതും കഴിഞ്ഞ 20 വർഷമായി വികസിപ്പിച്ചെടുത്തതുമായ തൊഴിലുറപ്പ് പദ്ധതിയുടെ യഥാർത്ഥ ലക്ഷ്യത്തിന് വിപരീതമാണ് പുതിയ മാറ്റങ്ങൾ. വ്യവസ്ഥകളിൽ വരുത്തിയ മാറ്റങ്ങൾ ദരിദ്രജനവിഭാഗങ്ങളുടെ തൊഴിൽ അവകാശങ്ങളെ സാരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിയൻ മൂല്യങ്ങളെയും സാധാരണക്കാരന്റെ ഉപജീവനമാർഗ്ഗത്തെയും ഒരുപോലെ തകർക്കുന്ന നീക്കമാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.