അശ്ലീല ഉള്ളടക്കം പ്രദർശിപ്പിച്ച 25 ഒ.ടി.ടി പ്ലാറ്റ് ഫോമുകൾ നിരോധിച്ച് കേന്ദ്രം
Jul 25, 2025, 19:22 IST
ന്യൂഡൽഹി: അശ്ലീല ഉള്ളടക്കം പ്രദർശിപ്പിച്ച 25 ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ കേന്ദ്ര സർക്കാർ നിരോധിച്ചു. കേന്ദ്ര വാർത്താ വിതരണ മന്ത്രാലയമാണ് നടപടി സ്വീകരിച്ചത്. ഈ പ്ലാറ്റ് ഫോമുകളിൽ നിന്നുള്ള ആക്സസ് ഇല്ലാതാക്കാൻ ഇന്റർനെറ്റ് സേവന ദാതാക്കളോട് സർക്കാർ നിർദേശം നൽകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
2000 ലെ ഐ.ടി നിയമത്തിലെ സെക്ഷൻ 67, 67എ,1986 ലെ സ്ത്രീകളുടെ അസഭ്യമായ പ്രാതിനിധ്യ (നിരോധനം) നിയമത്തിലെ സെക്ഷൻ 4 എന്നിവയുടെ ലഘനം പ്രഥമദൃഷ്ട്യാ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സ്ത്രീകളെ അപമാനിക്കുന്ന രീതിയിൽ ചിത്രീകരിച്ചതിനെ തുടർന്ന് മലയാളം ഒ.ടി.ടി ആപ്പായ യെസ്മ ഉൾപ്പടെ 18 പ്ലാറ്റ്‌ഫോമുകൾ കേന്ദ്രം നിരോധിച്ചിരുന്നു.