'സാധാരണക്കാരുടെ ഉപജീവനമാർഗം' ; ക്ഷേത്രത്തിന് സമീപമുള്ള നോൺ-വെജ് ഭക്ഷ്യ വില്‍പ്പന തടയാൻ സാധിക്കില്ലെന്ന് ഗുജറാത്ത് ഹൈകോടതി 

സോമനാഥ് ക്ഷേത്രത്തിനും മറ്റ് പ്രമുഖ മതപരമായ കേന്ദ്രങ്ങൾക്കും സമീപം നോൺ-വെജ്‍ ഭക്ഷണങ്ങളുടെ വില്‍പ്പനയും സംഭരണവും നിരോധിച്ചുകൊണ്ട് സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് ഗുജറാത്ത് ഹൈകോടതി റദ്ദാക്കി.

 

ഗാന്ധിനഗർ: സോമനാഥ് ക്ഷേത്രത്തിനും മറ്റ് പ്രമുഖ മതപരമായ കേന്ദ്രങ്ങൾക്കും സമീപം നോൺ-വെജ്‍ ഭക്ഷണങ്ങളുടെ വില്‍പ്പനയും സംഭരണവും നിരോധിച്ചുകൊണ്ട് സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് ഗുജറാത്ത് ഹൈകോടതി റദ്ദാക്കി. ഈ വിഷയത്തിൽ കോടതി സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. ഹൈകോടതി ഉത്തരവിനെതിരെ സ്റ്റേ ആവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച അപേക്ഷയും കോടതി തള്ളി. ഈ കേസിൽ ആറ് റസ്റ്റോറന്റ് ഉടമകൾക്കാണ് കോടതിയുടെ അനുകൂല വിധിയുണ്ടായിരിക്കുന്നത്.

തങ്ങളുടെ കച്ചവടത്തിനുള്ള മൗലികാവകാശത്തെയാണ് ഈ നിയന്ത്രണങ്ങൾ ലംഘിക്കുന്നതെന്ന് ഹരജിക്കാർ കോടതിയിൽ വാദിച്ചു. എന്നാൽ തീർത്ഥാടകരുടെ മതവികാരങ്ങൾ സംരക്ഷിക്കുന്നതിനാണ് ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്നായിരുന്നു സർക്കാർ വാദം. സോമനാഥ് ക്ഷേത്രത്തിലേക്ക് പോകുന്ന പ്രധാന വഴികളിലെ കടകളിൽ നോൺ-വെജ് ഭക്ഷണങ്ങൾ പ്രദർശിപ്പിക്കുന്നത് ഭക്തരുടെ മതവികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് സർക്കാർ ഉത്തരവിറക്കിയിരുന്നത്.

എന്നാൽ ഈ വിഷയം നേരിട്ട് ബാധിക്കുന്നത് സാധാരണക്കാരായ വ്യാപാരികളുടെ ഉപജീവനമാർഗത്തെയാണെന്ന് നിരീക്ഷിച്ച കോടതി, വിധിക്ക് സ്റ്റേ നൽകാൻ വിസമ്മതിക്കുകയായിരുന്നു. വിധിക്കെതിരെ അടിയന്തരമായി അപ്പീൽ നൽകാനായി സർക്കാരിന്റെ അഭിഭാഷകൻ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിനെ സമീപിച്ചിരിക്കുകയാണ്.